ആ തീരുമാനത്തില്‍ ടീമിലെ എല്ലാ താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടാകും; മെസിയുടെ വിരമിക്കലിനെക്കുറിച്ച് സ്‌കലോണി
Football
ആ തീരുമാനത്തില്‍ ടീമിലെ എല്ലാ താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടാകും; മെസിയുടെ വിരമിക്കലിനെക്കുറിച്ച് സ്‌കലോണി
ശ്രീരാഗ് പാറക്കല്‍
Tuesday, 21st July 2026, 2:54 pm

2026ലെ ലോകകപ്പ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന സ്‌പെയ്‌നിനോട് പരാജയപ്പെട്ടത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 10 പേരുമായി ചുരുങ്ങിയ മെസിപ്പട ഗോള്‍ രഹിത സമനിലയ്ക്ക് ശേഷം എക്‌സ്ട്രാ ടൈമിലാണ് പരാജയമേറ്റുവാങ്ങിയത്.

മത്സരത്തിലെ 106ാം മിനിട്ടില്‍ ഫെറാന്‍ ടോറസാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്പെയ്നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

ഇതിനെല്ലാം പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസി വിരമിക്കുമോ എന്നായിരുന്നു ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയത്. ഇതിനെക്കുറിച്ച് അര്‍ജന്റൈന്‍ പരിശീലകനായ ലയണല്‍ സ്‌കലോണി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളില്‍ ചര്‍ച്ചയാകുന്നത്.

ലയണൽ മെസ്സി

39ാം വയസിലും മെസി കളിക്കുന്നത് അവിശ്വസനീയമാണെന്നും മെസി ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്നും അതിന് ടീമിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘മെസിക്ക് ഇപ്പോള്‍ 39 വയസാണ്, അവിശ്വസനീയം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ പുതുതായി പറയാന്‍ ഒന്നുമില്ല. അദ്ദേഹം ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. ആ തീരുമാനത്തില്‍ ടീമിലെ എല്ലാ താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടാകും.

അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരും പിന്തുണയ്ക്കുകയും ചെയ്യും. അദ്ദേഹം നേടിയ നേട്ടങ്ങളില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം, ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം,’ സ്‌കലോണി ദി അത്‌ലറ്റിക്കിനോട് പറഞ്ഞു.

അതേസമയം ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് മെസി. ഈ നേട്ടത്തില്‍ ഒന്നാമന്‍ ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയാണ്. എംബാപ്പെയ്ക്കായിരുന്നു ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചതും.

 

Content Highlight: Lionel Scaloni Talking About Messi’s Retirement In International Football

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ