ലോക റെക്കോഡ് കയ്യകലെ; പെലയെ വീഴ്ത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മെസി
Football
ലോക റെക്കോഡ് കയ്യകലെ; പെലയെ വീഴ്ത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മെസി
Sudev A
Monday, 25th May 2026, 7:06 pm

2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്ന മെസിക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്.

ഈ ലോകകപ്പില്‍ ഒരു അസിസ്റ്റോ ഗോളോ നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യുഷന്‍സ് നടത്തുന്ന താരമായി മാറാന്‍ മെസിക്ക് സാധിക്കും. നിലവില്‍ ഈ നേട്ടത്തില്‍ 21 ഗോള്‍ പങ്കാളിത്തവുമായി മെസി ബ്രസീലിയന്‍ ഇതിഹാസമായ പെലെക്കൊപ്പമാണ്.

27 മത്സരങ്ങളില്‍ നിന്നും 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസി ഇതുവരെ നേടിയിട്ടുള്ളത്. പെലെ 14 മത്സരങ്ങളില്‍ ബ്രസീലിനായി കളത്തിലിറങ്ങി 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

മറ്റൊരു തകര്‍പ്പന്‍ റെക്കോഡിന്റെ അരികില്‍ കൂടിയാണ് മെസി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാനും മെസിക്ക് സാധിക്കും. ഈ നേട്ടത്തില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്താനും താരത്തിന് സാധിക്കും.

മാത്രമല്ല ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ നസാരിയോയും ജസ്റ്റ് ഫോണ്ടൈനെയും മറികടക്കാനും മെസിക്ക് സാധിക്കും. ഇതിനായി മെസിക്ക് വേണ്ടതാകട്ടെ വെറും മൂന്ന് ഗോള്‍ മാത്രമാണ്. ക്ലോസെ 16 ഗോളുകളാണ് ലോകകപ്പില്‍ നേടിയിട്ടുള്ളത്.

അതേസമയം മെസി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. മേജര്‍ ലീഗ് സോക്കറില്‍ ഇന്ന് നടന്ന ഫിലാഡല്‍ഫിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്റര്‍ മയാമി താരമായ മെസിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റ മെസി സ്വയം കളം വിടുകയായിരുന്നു. ഇടത് കാലിന് പരിക്കേറ്റ മെസി പകരക്കാരനെ ഇറക്കാന്‍ പരിശീലകനോട് ആവശ്യപ്പെടുകയായിരുന്നു.

ലോകകപ്പ് തുടങ്ങാനിരിക്കെ അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് ആരാധകര്‍ക്കിടയിലും കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Content Highlight: Lionel Messi need a goal or assist to break Pele world cup record

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.