യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവരില്‍നിന്ന് പലതും പഠിക്കാനുണ്ടെന്നും അവരുടെ അഭിനയരീതികള്‍ തന്നെ ഏറെ സന്തോഷിപ്പിക്കാറുണ്ടെന്നും നടി മഞ്ജു ശ്രീ. നീരജ് മാധവന്‍, മമിത, നസ്‌ലെന്‍ തുടങ്ങി മലയാളത്തിലെ യുവ തലമുറയ്‌ക്കൊപ്പം അഭിനയിച്ച താരം കൂടിയാണ് മഞ്ജു ശ്രീ.
‘ആലപ്പുഴ ജിംഖാന’യില്‍ നസ്‌ലെനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം. നസ്‌ലെന്‍ വളരെ അനായാസമായാണ് അഭിനയിക്കുന്നതെന്നും ഒരു ടേക്ക് പോലും അധികം പോകുന്നത് കണ്ടിട്ടില്ലെന്നും മഞ്ജു ശ്രീ പറയുന്നു.
‘നസ്‌ലെന്‍ വളരെ സിംപിളായി വന്ന് അഭിനയിച്ചുപോകുന്ന ആളാണ്. അവന്‍ വലിയ എഫേര്‍ട്ടിടുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഉള്ളില്‍ ചിലപ്പോള്‍ ഒരുപാട് ചിന്തിക്കുകയും ഡയലോഗുകളൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ, പുറമേനിന്ന് നോക്കുമ്പോള്‍ ഭയങ്കര എഫേര്‍ട്ട്ലെസ് ആണ്.

വന്ന് വളരെ കാഷ്വലായി ഡയലോഗ് പറയും. ഇനിയിപ്പോള്‍ ‘അത് പോര, കുറച്ചുകൂടി വേണം” എന്ന് പറഞ്ഞാല്‍ അപ്പോള്‍ കൃത്യമായി അടുത്ത മീറ്റര്‍ കൊടുക്കാനും അവനറിയാം. അത്രയും ടാലന്റ് അവന്റെ ഉള്ളിലുണ്ട്. അതെല്ലാം വളരെ അനായാസമായി പുറത്തുവരുന്നതാണെന്ന് തോന്നുന്നു.
അവരൊക്കെ ഈ മേഖലയെ ഒരു പ്രൊഫഷനായി സ്വീകരിച്ചുകഴിയുമ്പോള്‍ ഒരുപാട് മാറുന്നുണ്ട്. ആദ്യ സിനിമകളില്‍നിന്ന് ഇപ്പോഴത്തെ അഭിനയത്തിലേക്ക് നസ്‌ലെന്‍ എത്രത്തോളം മാറി! എന്ത് രസമായിട്ടാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ആദ്യ സിനിമയില്‍ത്തന്നെ നസ്‌ലെനെ നമുക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ അവന്റെ അഭിനയം ഒരുപാട് പോളിഷ്ഡ് ആയില്ലേ.

‘ആലപ്പുഴ ജിംഖാന’യില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ എന്നോട് പറഞ്ഞത് പുച്ഛം വാരിവിതറണമെന്നാണ്. അതായിരുന്നു എന്റെ ടാഗ് ലൈന്‍. ”പോര ചേച്ചീ, പോര” എന്നൊക്കെ പറയും. ഞാനാണെങ്കില്‍ അങ്ങനെ പുച്ഛിക്കുന്ന ആളല്ല. സ്വന്തം മക്കളോടൊന്നും നമ്മള്‍ ആ രീതിയില്‍ പറയേണ്ടിവരുന്നില്ലല്ലോ. വല്ലപ്പോഴും തമാശയ്ക്ക് എന്തെങ്കിലും പറഞ്ഞാലായി.
പക്ഷേ, ആ സിനിമയിലെ അമ്മയാണെങ്കില്‍ മകന്‍ എന്തുപറഞ്ഞാലും പുച്ഛമാണ്. അവന് യാതൊരു വിലയുമില്ല. ”ചേച്ചീ, പോര, പുച്ഛം ഇങ്ങോട്ട് പോരട്ടെ” എന്നൊക്കെ അവര്‍ പറയും. ”വേണമെങ്കില്‍ തിന്നിട്ട് പോടാ” എന്നൊക്കെ ഇവര്‍ പറയുന്നുണ്ട്. അങ്ങനെ ആ കഥാപാത്രത്തിന് ഒരു പ്രത്യേക ടോണായിരുന്നു.
അവരില്‍നിന്നൊക്കെ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. അത് എനിക്ക് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്. ഇവരൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കിനില്‍ക്കും. നസ്‌ലെന്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കുകയും പറയുകയും ചെയ്യും. അവിടെ ഒരു ലാഗും ഞാന്‍ കണ്ടിട്ടില്ല. ‘ആലപ്പുഴ ജിംഖാന’യുടെ സമയത്തെ കാര്യമാണ് പറയുന്നത്. ഒരു ടേക്ക് പോലും അധികം പോകുന്നത് കണ്ടിട്ടില്ല. ഓരോ സീനും അവന്‍ വളരെ പെട്ടെന്ന് ചെയ്യും. നമ്മളാണ് പിന്നെയും പുച്ഛം വാരിവിതറാനൊക്കെ സമയം എടുത്തത്. ആ ടീമിനൊപ്പം നിന്നപ്പോള്‍ എനിക്ക് ഒരു പത്ത് വയസ് കുറഞ്ഞതുപോലെ തോന്നി’, മഞ്ജു ശ്രീ പറഞ്ഞു.
Content Highlight: Actress Manju Sree about Actor Naslen
