അര്‍ജന്റൈന്‍ ജേഴ്‌സിയിലുള്ള അവസാന മത്സരവും അവിസ്മരണീയമാക്കി മടങ്ങിയിരിക്കുകയാണ് ഇതിഹാസ താരം ലയണല്‍ മെസി. വിടമാങ്ങല്‍ മത്സരത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന കീഴടക്കിയത്.

മത്സരത്തില്‍ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയര്‍വെല്‍ മത്സരം ഗംഭീരമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 48ാം മിനിട്ടില്‍ നിക്കോളാസ് ഒട്ടമെന്റിയായിരുന്നു അര്‍ജന്റീനക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 61ാം മിനിട്ടില്‍ നിക്കോ പാസിലൂടെ അര്‍ജന്റീന രണ്ടാം ഗോളും സ്വന്തമാക്കി.

ഈ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയായിരുന്നു. മത്സരത്തിന്റെ 71ാം മിനിട്ടില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. അര്‍ജന്റീനക്ക് വേണ്ടി അവസാനമായി മെസി വലകുലുക്കി. ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു തന്റെ 21 വര്‍ഷത്തെ ഐതിഹാസിക ഗോള്‍ വേട്ടക്ക് മെസി വിരാമമിട്ടത്. അര്‍ജന്റീനക്ക് വേണ്ടി 126 ഗോളുകളും 67 അസിസ്റ്റുകളും നേടിയാണ് മെസി മടങ്ങുന്നത്.

രണ്ട് പതിറ്റാണ്ടോളം ഇന്റര്‍നാഷണല്‍ ഫുട്‌ബോളിന്റെ ഭാഗമായി സ്വന്തമാക്കാനാവുന്നതെല്ലാം തന്റെ പേരിലാക്കി മാറ്റിയ മെസിക്ക് ഇന്നും ഒരു നേട്ടം അകലനില്‍ക്കുകയാണ്.  കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കാതെയാണ് മെസി വിരമിക്കുന്നത്.

2028 കോപ്പ അമേരിക്കയില്‍ കൂടി മെസി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടിയിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ ചരിത്രനേട്ടം മെസിക്ക് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. കോപ്പയില്‍ നാല് ഗോളുകള്‍ കൂടി നേടിയിരുന്നുവെങ്കില്‍ മെസിക്ക് ഈ ചരിത്രത്തിലും ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു.

ലയണൽ മെസി. Photo: Sudanalytics/x.com

കോപ്പ അമേരിക്കയില്‍ ഇതുവരെ 14 ഗോളുകള്‍ നേടിയാണ് മെസി പടിയിറങ്ങുന്നത്. കോപ്പയിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ അര്‍ജന്റന്റൈന്‍ താരം നോര്‍ബെര്‍ട്ടോ മെന്‍ഡസും മുന്‍ ബ്രസീലിയന്‍ താരം സിസിഞ്ഞോയുമാണ്. ഇരുവരും 17 ഗോളുകളാണ് ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്.

കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം, രാജ്യം, ഗോളുകളുടെ എണ്ണം

നോര്‍ബെര്‍ട്ടോ മെന്‍ഡെസ് – അര്‍ജന്റീന – 17

സിസിഞ്ഞോ – ബ്രസീല്‍ –  17

തിയോഡോറോ ഫെര്‍ണാണ്ടസ് – പെറു – 15

സെവേറിനോ വറേല – ഉറുഗ്വേ – 15

ലയണല്‍ മെസി – അര്‍ജന്റീന – 14

പൗലോ ഗ്വറേറോ – പെറു  – 14

എഡ്വേര്‍ഡോ വര്‍ഗാസ് – ചിലി – 14

ഹെക്ടര്‍ സ്‌കറോണ്‍ –  ഉറുഗ്വേ – 14

 

Content Highlight: Lionel Messi retirement, he has lost the opportunity to achieve a historic milestone in the Copa America