അർജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വർഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി ഇതിഹാസ താരം ലയണൽ മെസി പടിയിറങ്ങിയിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്.

2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

ഫുട്ബോളിൽ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം. ലോകകപ്പ്‌, കോപ്പ അമേരിക്ക, ഫൈനൽസീമ, അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്സ് ഗോൾഡ് മെഡൽ തുടങ്ങിയ ഒട്ടനവധി കിരീടങ്ങൾ അർജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്.

എന്നാൽ തന്റെ കരിയറിൽ നേരിടേണ്ടി വന്ന ഒരു നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് മെസി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. 2022 ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം തന്റെ മുൻ ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് നിന്നും തനിക്ക് അംഗീകാരം ലഭിച്ചിരുന്നില്ലെന്നായിരുന്നു മെസി പറഞ്ഞിരുന്നത്.

ലോകകപ്പ് നേടിയ തന്റെ ടീമിലെ 25 താരങ്ങളിൽ സ്വന്തം ക്ലബ്ബിൽ നിന്ന് യാതൊരു അംഗീകാരവും ലഭിക്കാത്ത ഒരേയൊരു താരം താനാണെന്നാണ് മെസി പറഞ്ഞത്. ഓൾഗ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം തുറന്നു പറഞ്ഞിരുന്നത്.

‘പി.എസ്.ജിയുടെ അവസ്ഥ മനസിലാക്കാവുന്നതാണ്. 2018ൽ ഫ്രാൻസ് വിജയിച്ചപ്പോൾ ഞങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇത്തവണ ഫ്രാൻസിന് കിരീടം നേടാനായില്ല. അർജന്റീന ടീമിലെ 25 താരങ്ങളിൽ ലോകകപ്പ് നേടിയതിന് ക്ലബ്ബിൽ നിന്ന് അംഗീകാരം ലഭിക്കാതിരുന്ന ഏക കളിക്കാരൻ ഞാൻ മാത്രമാണ്,’ മെസി പറഞ്ഞു.

2021ലാണ് ബാഴ്സലോണയോടൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് മെസി പാരീസിലേക്ക് ചേക്കേറിയത്. പി.എസ്. ജിക്കായി 75 മത്സരങ്ങളിൽ നിന്നും 32 ഗോളുകളും 34 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.ജി മെസിയെ ടീമിലെത്തിച്ചത്. എന്നാൽ പാരീസിനൊപ്പം ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസിക്ക് സാധിച്ചിരുന്നില്ല.

ലീഗ് വൺ കിരീടം മാത്രമാണ് മെസിക്ക് ഫ്രഞ്ച് വമ്പൻമാരോടൊപ്പം നേടാനായത്. ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും പ്രതീക്ഷിക്കക്കൊത്ത പ്രകടനം നടത്താൻ സാധിക്കാത്തതിനെ തുടർന്ന് ആരാധകർ താരങ്ങൾക്കെതിരെ തിരിയുകയും ചെയ്തിരുന്നു.

2023ലാണ് മെസി പി.എസ്.ജി വിട്ടത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്കായിരുന്നു അർജന്റൈൻ ഇതിഹാസം കൂടുമാറിയത്. മെസിയുടെ വരവിന് പിന്നാലെ മയാമി തങ്ങളുടെ ചരിത്രത്തിൽ ഇതുവരെ സ്വന്തമാക്കാത്ത പല നേട്ടങ്ങളും കിരീടങ്ങളും കൈപ്പിടിയിലാക്കി. മെസിക്ക് പുറകെ പല വമ്പൻ താരങ്ങളും യൂറോപ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് എം.എൽ.എസിലേക്ക് ചേക്കേറിയിരുന്നു.

Content Highlight: Lionel Messi talks about an unfortunate incident in his football career