മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സൗഹൃദമാണ് മമിത ബൈജുവും അനശ്വര രാജനും തമ്മിലുള്ളത്. സൂപ്പര്‍ശരണ്യയിലെ ഇരുവരുടേയും കോമ്പോ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രേമലവും ബെത്‌ലഹേമും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകള്‍ ചെയ്ത് കരിയറിന്റെ പീക്കിലാണ് ഇന്ന് മമിത. അനശ്വരയും മലയാളത്തിലും തമിഴിലും തെലുങ്കിലുമായി തിരക്കിലാണ്.

ഒരേ സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി തങ്ങള്‍ രണ്ടുപേരേയും സമീപിച്ചവരുണ്ടെന്ന് പറയുകയാണ് മമിത. അനശ്വരയ്‌ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും എന്നാല്‍ ആ കോമ്പോ ഇടയ്ക്കിടെ മാത്രം വന്നാലേ പ്രേക്ഷകര്‍ക്ക് പുതുമ തോന്നുകയുള്ളൂവെന്നും താരം പറയുന്നു. റെഡ് എഫ്.എമ്മിന് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് മമിത ഇക്കാര്യം പറഞ്ഞത്.

തന്റെ യാത്രകളോടുള്ള ഇഷ്ടത്തെക്കുറിച്ചും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ മമിത മനസുതുറന്നു.

‘ഒരേ സിനിമയുടെ കഥയുമായി ഞങ്ങളുടെ അടുത്ത് ചിലര്‍ സംസാരിച്ചിട്ടുണ്ട്. മമിത ഇല്ലെങ്കില്‍ അനശ്വരയാണ് അടുത്ത ഓപ്ഷന്‍, അല്ലെങ്കില്‍ അനശ്വരയോട് പറഞ്ഞ കഥയാണ്, അവര്‍ക്ക് ഡേറ്റില്ലാത്തതുകൊണ്ടാണ് മമിതയിലേക്ക് വന്നത് എന്നൊക്കെയുള്ള കാര്യങ്ങള്‍ കേള്‍ക്കാറുണ്ട്. ഒരേ കഥാപാത്രത്തിനായി ഞങ്ങളെ അപ്രോച്ച് ചെയ്തിട്ടുമുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പലപ്പോഴും സിനിമയെക്കുറിച്ചായിരിക്കില്ല. സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങളാണ് കൂടുതലും സംസാരിക്കാറുള്ളത്.

അനശ്വരയും ഞാനും ഒരുമിച്ചുള്ള സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. പക്ഷേ, അത്തരം സിനിമകള്‍ ഇടയ്ക്കിടെ മാത്രം വന്നാലേ ആ കോമ്പോയുടെ പുതുമ നിലനില്‍ക്കൂ. തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നാല്‍ ആളുകള്‍ക്ക് അതിനോടുള്ള പുതുമ നഷ്ടപ്പെടും. ഇടവേളകളില്‍ വരുമ്പോഴാണ് പ്രേക്ഷകര്‍ക്ക് ആ കോമ്പോ കൂടുതല്‍ ഇഷ്ടമാകുന്നത്’, മമിത പറഞ്ഞു.

യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും എന്നാല്‍ ഇഷ്ടമുള്ള പല സ്ഥലങ്ങളും ഇനിയും കണ്ടിട്ടില്ലെന്നും മമിത പറയുന്നു.

‘യാത്രകള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ, എനിക്ക് പോകണമെന്ന് ആഗ്രഹമുള്ള പല സ്ഥലങ്ങളിലും ഇതുവരെ പോയിട്ടില്ല. ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാന്‍ പോകണമെന്ന് വലിയ ആഗ്രഹമാണ്. അതുപോലെ ആംസ്റ്റര്‍ഡാം, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളിലും പോകണം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഒരു ബീച്ചും കാണണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ കാഴ്ച തന്നെ ഭയങ്കര രസമാണ്. അങ്ങനെ ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ കിടക്കുകയാണ്’, താരം പറഞ്ഞു.

തനിക്ക് ഏറ്റവും ഭയമുള്ള കാര്യം എന്താണെന്ന ചോദ്യത്തിന് ഇരുട്ടിനോടുള്ള പേടിയെക്കുറിച്ചാണ് മമിത സംസാരിച്ചത്. മുറിയില്‍ വെളിച്ചമില്ലാത്ത അവസ്ഥയില്‍ ഉറങ്ങാന്‍ പോലും കഴിയില്ലെന്നും താരം പറയുന്നു.

‘ഇരുട്ടിനെ എനിക്ക് ഭയങ്കര പേടിയാണ്. പിച്ച് ബ്ലാക്ക് എന്ന് പറയില്ലേ, ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ. കൂരിരുട്ടില്‍ എനിക്ക് ഭയങ്കര ശ്വാസംമുട്ടലൊക്കെ വരും. ഉറങ്ങുമ്പോള്‍ പോലും ലൈറ്റ് ഓഫ് ചെയ്യാറില്ല. ട്യൂബ് ലൈറ്റിട്ടാല്‍ ഞാന്‍ സുഖമായി ഉറങ്ങും. ലൈറ്റിടാതെ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. അമ്മ കൂടെയുണ്ടെങ്കിലും ചേട്ടന്‍ കൂടെയുണ്ടെങ്കിലും ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാന്‍ കഴിയില്ല. അത്രയും പേടിയാണ്. പുറത്ത് വലിയ ധൈര്യവാന്മാരായി കാണുന്നവരൊക്കെ ശരിക്കും പഞ്ചപാവങ്ങളായിരിക്കും’, മമിത പറഞ്ഞു.

Content Highlight: Anaswara and I Have Been Considered for the Same Roles; Mamitha Baiju