ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച്ജനതാ പാര്‍ട്ടി നടത്താനിരിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ്.

പഴയ ദല്‍ഹിയിലെ പള്ളികളില്‍ കയറി ഇറങ്ങിയായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടത്. യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കകത്ത് കയറി മൈക്കിലൂടെ വിശ്വാസികളോട് സമരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒക്ടോബര്‍ 10 ന് (നാളെ) സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധം നടക്കാനിരിക്കെയാണ് പൊലീസ് നടപടി.
പഴയ ദല്‍ഹിയിലെ ഒരു പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നമസ്‌കാരത്തിനായി ഇരിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണിലെ കുറിപ്പുകള്‍ നോക്കി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

തങ്ങളുടെ കുട്ടികളോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അനാവശ്യമായി ഇത്തരം ജനക്കൂട്ടങ്ങളുടെയോ സമരങ്ങളുടെയോ ഭാഗമാകുന്നില്ലെന്ന് പ്രദേശവാസികള്‍ ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നു. ഭരണകൂടം ഔദ്യോഗിക ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും ആര്‍ക്കും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചു.

പ്രകോപനപരമായ സന്ദേശങ്ങളിലോ വ്യാജ പ്രചാരണങ്ങളിലോ ആരും വീഴരുത്. നിയമം പാലിച്ച് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ നാട്ടുകാര്‍ പോലീസുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി ആരാധനാലയങ്ങളെ ഉപയോഗിക്കുന്നത് ജനാധിപത്യ മര്യാദള്‍ക്ക് നിരക്കാത്തതാണെന്നാണ് വിമര്‍ശനം.

എസ്.ഐ.ആറിലെ അപാകതകളും വോട്ടുകൊള്ള ആരോപണങ്ങളും മുന്‍നിര്‍ത്തിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.

എന്നാല്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. അനുമതിയില്ലെങ്കിലും സമരം നടത്താനാണ് സി.ജെ.പിയുടെ തീരുമാനം. എവിടെ തടയുന്നോ അവിടെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സി.ജെ.പി നേതാക്കള്‍ അറിയിച്ചു.

Content Highlight:Do not send your children to the protests; Delhi Police visits mosques to issue warnings against the agitation.