മൂന്ന് വര്‍ഷം കൊണ്ട് അമേരിക്കയും കീഴടക്കി; പുതിയ ചരിത്രമെഴുതി മെസി
Football
മൂന്ന് വര്‍ഷം കൊണ്ട് അമേരിക്കയും കീഴടക്കി; പുതിയ ചരിത്രമെഴുതി മെസി
Sudev A
Monday, 18th May 2026, 10:09 am

മേജര്‍ ലീഗ് സോക്കറില്‍ ഇന്ന് നടന്ന മത്സരത്തില്‍ പോര്‍ട്ട്‌ലാന്‍ഡിനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്റര്‍ മയാമി സ്വന്തമാക്കിയത്. മയാമിയുടെ തട്ടകമായ ഫ്ളോറിഡയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകളായിരുന്നു ഹോം ടീം വിജയിച്ചുകയറിയത്. മത്സരത്തില്‍ ഗോളും അസിസ്റ്റുമായി തിളങ്ങി മിന്നും പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി നടത്തിയത്.

മത്സരത്തിന്റെ 30ാം മിനിറ്റില്‍ മയാമിക്കായി ലക്ഷ്യം കണ്ട മെസി 11 മിനിറ്റുകള്‍ക്ക് ശേഷം തന്റെ സഹതാരത്തെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു. മെസിയുടെ ജെര്‍മന്‍ ബെര്‍ട്ടറാമാണ് മയാമിക്കായി രണ്ടാം ഗോള്‍ നേടിയത്.

ഈ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറുന്ന മെസി മറ്റൊരു റെക്കോഡും കൂടി തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ 30 ഗോളുകളും 40 അസിസ്റ്റുകളും സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയാണ് മെസി പുതിയ ചരിത്രം സൃഷ്ടിച്ചത്. എം.എല്‍.എസില്‍ കളിച്ച മറ്റൊരു താരത്തിനും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്രയധികം ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

 

2023ല്‍ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നുമാണ് മെസി അമേരിക്കയിലെത്തിയത്. മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്‌ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ ലോകകപ്പ് അടുത്തെത്തി നില്‍ക്കെ മെസിയുടെ ഈ മിന്നും ഫോം അര്‍ജന്റീനക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

ഇതുവരെ മെസി 910 ഗോളുകളും 412 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്ക് മുന്നേറി കൊണ്ടിരിക്കുകയാണ് മെസി.

അതേസമയം നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമി രണ്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി 28 പോയിന്റാണ് മയാമിക്കുള്ളത്. ലീഗില്‍ മെയ് 25നാണ് മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. മയാമിയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫിലാഡല്‍ഫിയയാണ് ടീമിന്റെ എതിരാളികള്‍.

Content Highlight: Lionel Messi create a new historical record in major leaguer soccer

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.