2026ലെ കാമ്പിയോണ്‍സ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി. എം.എല്‍.എസ് ചാമ്പ്യന്മാരും ലിഗ എം.എക്സ് ചാമ്പ്യന്‍മാരും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി ചാമ്പ്യന്മാരായത്. സ്വന്തം തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചുകയറിയത്.
ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണല്‍ മെസിയുടെ കരുത്തിലാണ് മയാമിയുടെ വിജയം. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. എം.എല്‍.എസിലെ എല്ലാ മത്സരങ്ങളില്‍ നിന്നും ഏറ്റവും വേഗതയില്‍ 100 ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനാണ് മെസിക്ക് സാധിച്ചത്. വെറും 115 മത്സരങ്ങളില്‍ നിന്നാണ് മെസി ഈ നേട്ടത്തിലെത്തിയത്.
മെസിക്ക് മുമ്പ് ഈ റെക്കോഡിലെത്തിയത് മുന്‍ താരം ജോസഫ് മാര്‍ട്ടിനസായിരുന്നു 100 ഗോളിലെത്താന്‍ 125 മത്സരങ്ങള്‍ വേണ്ടിവന്നിരുന്നു. മെസിയും 100 ഗോളില്‍ അഞ്ച് പെനാല്‍റ്റികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല ജോസഫ് മാര്‍ട്ടിനസിനേക്കാള്‍ 10 മത്സരങ്ങള്‍ കുറവാണ് മെസിക്ക്.
മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ 49ാം കിരീട നേട്ടമാണിത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവും മെസി തന്നെയാണ്. മയാമിക്കൊപ്പമുള്ള മെസിയുടെ അഞ്ചാം കിരീടമാണിത്.
മത്സരം തുടങ്ങി 24ാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടി. മെസിയാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഒരു കിടിലന്‍ ഹെഡര്‍ ഗോളിലൂടെയായിരുന്നു മെസി ലക്ഷ്യം കണ്ടത്. ഒടുവില്‍ ആദ്യ പകുതി ഈ ഗോളിന്റെ പിന്‍ബലത്തില്‍ മെസിയും സംഘവും ആദ്യ പകുതി സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ മയാമിയും സമനില പിടിക്കാന്‍ സന്ദര്‍ശകരും മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 81ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡിലൂടെയാണ് ബ്രസീലിയന്‍ താരം ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.
മത്സരത്തില്‍ 17 ഷോട്ടുകളാണ് ക്രൂസ് അസൂല്‍ മയാമിയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഏഴ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളില്‍ നിന്നും മൂന്ന് ഷോട്ടുകളാണ് മയാമി പോസ്റ്റിലെത്തിച്ചത്.
അതേസമയം നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 25 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 12 വിജയവും ഒമ്പത് സമനിലയും നാല് തോല്‍വിയുമായി 45 പോയിന്റാണ് മയാമിയുടെ അക്കൗണ്ടിലുള്ളത്.
Content Highlight: Lionel Messi Achieve Great Record In MLS History
