2026 കാമ്പിയോൺസ് കപ്പ് സ്വന്തമാക്കി ഇന്റർ മയാമി. എം.എൽ.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യൻമാരും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി ചാമ്പ്യന്മാരായത്. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വിജയിച്ചുകയറിയത്.
ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണൽ മെസിയുടെ കരുത്തിലാണ് മയാമിയുടെ വിജയം. മെസിയുടെ ഫുട്ബോൾ കരിയറിലെ 49ാം കിരീട നേട്ടമാണിത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരവും മെസി തന്നെയാണ്. മയാമിക്കൊപ്പമുള്ള മെസിയുടെ അഞ്ചാം കിരീടമാണിത്.
മത്സരം തുടങ്ങി 24ാം മിനിട്ടിൽ തന്നെ മയാമി ലീഡ് നേടി. മെസിയാണ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചത്. ഒരു തകർപ്പൻ ഹെഡർ ഗോളിലൂടെയായിരുന്നു മെസി ലക്ഷ്യം കണ്ടത്. ഒടുവിൽ ആദ്യ പകുതി ഈ ഗോളിന്റെ പിൻബലത്തിൽ മെസിയും സംഘവും ആദ്യ പകുതി സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് നേടാൻ മയാമിയും സമനില പിടിക്കാൻ സന്ദർശകരും മികച്ച നീക്കങ്ങൾ നടത്തി. ഒടുവിൽ 81ാം മിനിട്ടിൽ ബ്രസീലിയൻ സൂപ്പർതാരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി.
മെസിയെടുത്ത കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡിലൂടെയാണ് ബ്രസീലിയൻ താരം ലക്ഷ്യം കണ്ടത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.
മത്സരത്തിൽ 17 ഷോട്ടുകളാണ് ക്രൂസ് അസൂൽ മയാമിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും മൂന്ന് ഷോട്ടുകളാണ് മയാമി പോസ്റ്റിലെത്തിച്ചത്.
അതേസമയം നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. 25 മത്സരങ്ങൾ പിന്നിട്ടപ്പോൾ 12 വിജയവും ഒമ്പത് സമനിലയും നാല് തോൽവിയുമായി 45 പോയിന്റാണ് മയാമിയുടെ അക്കൗണ്ടിലുള്ളത്.
Content Highlight: Inter Miami won the 2026 Campeones Cup, marking the 49th trophy of Lionel Messi’s career
