അടുത്ത സിനിമ ചെയ്തപ്പോഴും ജീത്തു സാര്‍ എന്ന പരിഗണിച്ചു; ആ സെറ്റില്‍ എല്ലാവരും കുടുംബം പോലെ: ലിയോണ ലിഷോയ്
Malayalam Cinema
അടുത്ത സിനിമ ചെയ്തപ്പോഴും ജീത്തു സാര്‍ എന്ന പരിഗണിച്ചു; ആ സെറ്റില്‍ എല്ലാവരും കുടുംബം പോലെ: ലിയോണ ലിഷോയ്
ഐറിന്‍ മരിയ ആന്റണി
Friday, 27th March 2026, 10:51 pm

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലിയോണ ലിഷോയ്. കലികാലം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത, ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ സാറ അര്‍ജുന്റെ അമ്മയുടെ വേഷത്തിലാണ് എത്തിയത്.

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ സമീറ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വലതുവശത്തെ കള്ളനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫിന്റെ കൂടെയുള്ള മൂന്നാമത്തെ സിനിമയാണ് വലതുവശത്തെ കള്ളന്‍. ഇപ്പോള്‍ ജീത്തു ജോസഫുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ലിയോണ.

‘ജീത്തു സാറിന്റെ കൂടെ ആദ്യം ഞാന്‍ ചെയ്തത് ‘റാം’ എന്ന സിനിമയാണ്. അത് റിലീസ് ആയിട്ടില്ല. കോവിഡിന് തൊട്ടുമുന്നേയാണ് ‘റാം’ ല്‍ ജോയിന്‍ ചെയ്യുന്നത് . അന്ന് ഭയങ്കര ടെന്‍ഷനായിരുന്നു. വലിയ ഡയറക്ടര്‍, പിന്നെ ലാലേട്ടനെപ്പോലെ സീനിയര്‍ ആക്ടേഴ്സ് ഉള്ള വലിയ ക്രൂ. അത്രയധികം സീനിയര്‍ ആക്ടേഴ്സിന്റെ കൂടെ ഞാന്‍ ജോലി ചെയ്ത ത് ആദ്യമായിട്ടായിരുന്നു.

ജീത്തു സാറിന്റെ കൂടെയുള്ള രണ്ടാ മത്തെ സിനിമ ’12 th മാന്‍’ ആണ്. അപ്പോഴേക്കും സാറുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു. കുളമാവ് എന്ന സ്ഥലത്തെ ഒരു റിസോര്‍ട്ടില്‍ ഒരു മാസത്തോളം താമസിച്ചായിരുന്നു ഷൂട്ടിങ്. അത് കോവിഡ് സമയമായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. ‘വലതുവശത്തെ കള്ളനി’ലേക്ക് എത്തിയപ്പോഴും ജീത്തു സാര്‍ എന്റെ ഒരു മെന്‍ഡര്‍ – ഗുരുനാഥന്റെ സ്ഥാനത്ത് എത്തി,’ ലിയോണ പറയുന്നു.

ഓരോ പ്രൊജക്ട് വരുമ്പോഴും അദ്ദേഹം തന്നെ പരിഗണിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും വലത് വശത്തെ കള്ളനില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് താന്‍ ചെയ്തതെന്നും ലിയോണ പറഞ്ഞു. പൊലീസ് ഓഫീസര്‍ റോള്‍ താന്‍ മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് പവര്‍ ഇല്ലാത്ത ഒരു സാധാരണ പൊലീസുകാരിയായിട്ട് അഭിനയിക്കുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഈ റോള്‍ തനിക്കു വ്യത്യസ്തമായി തോന്നിയെന്നും ലിയോണ പറഞ്ഞു.

Content Highlight:  Leona says she was lucky enough to act in Jeethu Joseph’s films

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.