ന്യൂദല്‍ഹി: വിവാദമായ റാഫേല്‍ കരാറിനെതിരെ നൂറില്‍പരം ഇടത് സംഘടനകള്‍ ഒക്ടോബര്‍ 22 മുതല്‍ പ്രക്ഷോഭത്തിലേക്ക്. ഇടത് സംഘടനാ കൂട്ടായ്മയായ ജന്‍ ഏക്ത ജന്‍ അധികാര്‍ (ജെ.ഇ.ജെ.എ) പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും.
കരാറിലെ അഴിമതി പുറത്തുകൊണ്ടു വരാന്‍ സംയുക്ത പാര്‍ലിമെന്റ് സമിതി രൂപീകരണം, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ രാജി തുടങ്ങിയവയാണ് ആഴ്ച നീളുന്ന പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങള്‍. പ്രക്ഷോഭത്തിന് മുന്നോടിയായി ഒക്ടോബര്‍ 13ന് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ജന്‍ അദാലത്ത് സംഘടിപ്പിക്കും.
“റാഫേല്‍ അഴിമതി പുറത്തുകൊണ്ടു വരാന്‍ സംയുക്ത പാര്‍ലിമെന്ററി സമിതിക്കു മാത്രമേ കഴിയൂ. ബോഫേഴ്‌സ് അഴിമതിയെക്കാള്‍ എത്രയോ മടങ്ങ് വലുതാണ് റാഫേല്‍. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും റാഫേലിനെ ഗൗരവമുള്ളതാക്കുന്നു”- ജെ.ഇ.ജെ.എ കണ്‍വീനര്‍ ഹന്നന്‍ മൊല്ല പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി
“ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അര്‍ബന്‍ നക്സല്‍ എന്ന് മുദ്രകുത്തി വാഅടപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം”- സി.പി.ഐ(എം.എല്‍) പോളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണ അഭിപ്രായപ്പെട്ടു.
മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നു.
പ്രധാനമന്ത്രിയും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ചേര്‍ന്ന് അധികാര ദുര്‍വിനിയോഗം നടത്തി എന്നതാണ് വ്യാഴാഴ്ച്ച സമര്‍പ്പിച്ച പരാതിയിലെ മുഖ്യ ആരോപണം.
റാഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മൂവരും ചേര്‍ന്ന് മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ രാജ്യശ്രദ്ധ നേടിയിരുന്നു.
