കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി
national news
കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി
ന്യൂസ് ഡെസ്‌ക്
Saturday, 6th October 2018, 2:20 pm

ജയ്പൂര്‍: മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി.

കോണ്‍ഗ്രസുമായി സഖ്യത്തിലില്ലെന്ന് വ്യക്തമാക്കി ബി.എസ്.പി രംഗത്തെത്തിയതിന് പിന്നാലെയാണ്  പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്നുറച്ച് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയത്.

ചര്‍ച്ചകള്‍ക്കായി ഇനിയും കോണ്‍ഗ്രസിനെ കാത്തുനില്‍ക്കാനാവില്ല. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ലെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ബി.എസ്.പിയും ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ആവുമോ എന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നതായി  രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.എസ്.പി സഖ്യത്തിനില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്.


എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്, അത് നിറവേറ്റും; നിലപാട് വ്യക്തമാക്കി ദിവ്യ സ്പന്ദന


എന്നാല്‍ ബി.എസ്.പിയുടെ നിലപാട് മാറ്റം കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് യൂണിറ്റ് അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞിരുന്നു.

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പ് തിയതികള്‍  കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നതാണ് എസ്.പിയുടേയും ബി.എസ്.പിയുടേയും തീരുമാനം.

മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ബി.എസ്.പി നിലപാട് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

സംസ്ഥാനത്ത് ഞങ്ങളുടെ നിലവിലെ അവസ്ഥയില്‍ ആത്മവിശ്വാസം ഉണ്ട്. ഞങ്ങള്‍ ബി.എസ്.പിയുമായി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് പോകാനായിരുന്നു അവരുടെ തീരുമാനം.

മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാലും അത് വലിയ തോതില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് വലിയൊരു കാര്യമാകുമായിരുന്നു. ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും ചണ്ഡീഗഡിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ പറഞ്ഞു.