vanjiyoor1

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹൈക്കോടതി പരിസരത്ത് നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു.

കല്ലേറില്‍ ജീവന്‍ ടി.വി റിപ്പോര്‍ട്ടര്‍ അനുലാലിന് തലയ്ക്ക് പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അടിച്ചു തകര്‍ത്തിട്ടുണ്ട്.

കോടതിയുടെ വാതിലിന് മുന്നില്‍ സംഘം ചേര്‍ന്ന അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. മീഡിയാ റൂമിലേക്കുള്ള പ്രവേശനവും തടസപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് കോടതി പരിസരത്തും മീഡിയാ റൂമിലും മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു.

Untitled-vanjiyoor3

കടകംപള്ളി കേസിലെ സി.ബി.ഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്.

മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് യാതൊരു കാരണവശാലും കയറ്റില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. മാധ്യമപ്രവര്‍ത്തകരെ നാലാം ലിംഗക്കാരാണെന്നും നാലാം ലിംഗക്കാര്‍ക്ക് കോടതിയിലേക്ക് പ്രവേശനമില്ലെന്ന മുദ്രാവാക്യവും അഭിഭാഷകര്‍ വിളിക്കുന്നുണ്ട്.