[]ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്ലിന് പിന്നാലെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനും ലോകസഭയുടെ അംഗീകാരം. കര്‍ഷകരുടെ എതിര്‍പ്പുണ്ടെങ്കിലും കൃഷി ഭൂമി വ്യവസായങ്ങള്‍ക്കുവേണ്ടി ഏറ്റെടുക്കാമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ ബില്ല് . []

മണിക്കൂറുകളോളം നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 19നെതിരെ 216 വോട്ടുകള്‍ക്കാണ് ബില്ല് ലോകസഭ പാസ്സാക്കിയത്. ഇടത്
പക്ഷം , ടി.എം.സി, എസ്.പി, ബി.എസ്.പി, ബി.ജെ.പി എന്നീ കക്ഷികള്‍ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു.

ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ എതിര്‍പ്പില്ലാതാവുകയാണ് ഉണ്ടായത്. സമവായത്തിന്റെ ഭാഗമായി പ്രതിപക്ഷം ഉന്നയിച്ച അഞ്ച് ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ബില്ല പാസ്സാക്കിയത്.

എന്നാല്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കെതിരാണ് ബില്ലെന്ന് സി.പി.ഐ.എമ്മും ജെ.ഡി.യുവും ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഗ്രാമ വികസന വകുപ്പ്  മന്ത്രി ജയറാം രമേശാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്.

പദ്ധതികള്‍ക്കുവേണ്ടി ഭൂമി കൈവിടേണ്ടി വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും അനുയോജ്യ നഷ്ടപരിഹാരവും പുനരധിവാസവും ബില്‍ വാഗ്ദാനം ചെയ്യുന്നു. വ്യാവസായാവശ്യങ്ങള്‍ക്ക ഭൂമി പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതിന് പകരം പാട്ടത്തിന് നല്‍കിയാല്‍ മതിയെന്ന പ്രതിപക്ഷ നേതാവ് സുഷമസ്വരാജിന്റെ നിര്‍ദ്ദേശം ഭേദഗതിയായി ഉള്‍പ്പെടുത്തി.

സ്വകാര്യ പദ്ധതികള്‍ക്ക ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനം ഭൂവുടമകളുടെ അനുമതി വേണം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക ഭൂമി ഏറ്റെടുക്കാന്‍ 70 ശതമാനം ഭൂവുടമകളുടെയും അനുമതി വേണം.കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നത്  സംബന്ധിച്ച അതത് സംസ്ഥാനങ്ങള്‍ക്ക അനുയോജ്യമായ തീരുമാനമെടുക്കാം. ഭുമി ഏറ്റെടുത്താലും ഉടമസ്ഥാവകാശം കര്‍ഷകരില്‍ തന്നെ നിലനില്‍ക്കും.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതിയാണിത്. പട്ടിക ജാതി- വര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ തുക മുന്‍കൂര്‍ നല്‍കും. ഗ്രാമീണ മേഖലയില്‍ ഭൂമിക്ക വിപണിവിലയുടെ നാലിരട്ടിയും നഗരമേഖലയില്‍ വിപണി വിലയുടെ രണ്ടിരട്ടിയും ബില്‍ ഉറപ്പ് വരുത്തുന്നു.

ബില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി വിടും. രാജ്യ സഭ കൂടി അംഗീകരിച്ചാല്‍ ബില്ല് നിയമമായി മാറും.