ഒരേ എതിരാളി, ഒരേ സ്‌കോറും സ്‌കോറര്‍മാരും; എന്നാലും ഇതെങ്ങനെ സംഭവിച്ചു?!
Football
ഒരേ എതിരാളി, ഒരേ സ്‌കോറും സ്‌കോറര്‍മാരും; എന്നാലും ഇതെങ്ങനെ സംഭവിച്ചു?!
ഫസീഹ പി.സി.
Tuesday, 3rd February 2026, 11:41 am

ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്സലോണ എല്‍ക്കെയെ പരാജയപ്പെടുത്തിരുന്നു. എല്‍ക്കെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാറ്റാലന്‍ പടയുടെ വിജയം.

മത്സരത്തില്‍ ബാഴ്‌സക്കായി ലാമിന്‍ യമാല്‍, ഫെറന്‍ ടോറസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. മറുവശത്ത് അല്‍വാരോ റോഡ്രിഗസ് ടീമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

വിജയത്തോടെ ഏല്‍ക്കേയ്ക്ക് എതിരെ ഈ സീസണില്‍ നടന്ന രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ ബാഴ്സയ്ക്ക് സാധിച്ചു. നേരത്തെ, 2025 നവംബറില്‍ നടന്ന മത്സരത്തിലും ഹാന്‍സി ഫ്‌ലിക്കും സംഘവും വിജയക്കൊടി പാറിച്ചിരുന്നു.

ഈ രണ്ട് മത്സരങ്ങളിലുമുള്ള സാമ്യതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഒന്നിലധികം കാര്യങ്ങള്‍ ഒരു പോലെ ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും സംഭവിച്ചിട്ടുണ്ട്. അതില്‍ ഒന്ന് മത്സരത്തിലെ സ്‌കോര്‍ ലൈനാണ്. ഹോം – എവേ മത്സരങ്ങളിലും കാറ്റാലന്‍ പടയുടെ വിജയം 3 -1ന് ആയിരുന്നു.

അത് മാത്രമല്ല, ഈ മത്സരങ്ങള്‍ തമ്മിലുള്ള പ്രത്യേകതകള്‍. ഇരുമത്സരങ്ങളിലും ബാഴ്‌സക്കായി ഗോളടിച്ചത് ഒരേ താരങ്ങളായിരുന്നു. ഇവര്‍ ഗോളടിച്ച ഓര്‍ഡറും രണ്ട് മത്സരങ്ങളിലും സാമ്യത പുലര്‍ത്തി എന്നതാണ് മറ്റൊരു കൗതുകം.

ലാമിൻ യമാലും ഫെറൻ ടോറസും മാർക്കസ് റാഷ്‌ഫോർഡും Photo: TheMirror/x.com

ആദ്യ മത്സരത്തിലേത് എന്ന പോലെ തന്നെ രണ്ടാം മത്സരത്തിലും ബ്ലൂഗ്രാനയുടെ ആദ്യ ഗോള്‍ നേടിയത് യമാലാണ്. രണ്ടാം ഗോള്‍ ഫെറാന്‍ ടോറസും വലയിലെത്തിച്ചു. രണ്ട് മത്സരങ്ങളിലും ഇരുവരുടെയും കാലില്‍ നിന്ന് പന്ത് വലയില്‍ തുളച്ച് കയറിയത് ആദ്യ പകുതിയിലായിരുന്നു.

ഇതിനൊപ്പം രണ്ട് മത്സരങ്ങളിലും എല്‍ക്കെയുടെ ഏക ഗോളും ഒന്നാം പകുതിയില്‍ തന്നെ പിറന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇരു മത്സരങ്ങളിലും ബാഴ്‌സക്കായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ റാഷ്ഫോര്‍ഡ് അടിച്ചത് രണ്ടാം പകുതിയിലായിരുന്നു.

Content Highlight: La Liga: Barcelona defeated Elche in both matches in this season with same score and goal scorers

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി