സംവിധാനം ചെയ്ത രണ്ട് സിനിമകളിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് തരുൺ മൂർത്തി. യുവതാരങ്ങളായ ലുക്മാൻ അവറാൻ, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുണൊരുക്കിയ ആദ്യ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപെട്ടിരുന്നു.

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് തുറന്നുകാട്ടിയ ചിത്രം തിയേറ്ററിലും വിജയം നേടിയിരുന്നു. എന്നാൽ ആദ്യ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു സിനിമയായിരുന്നു തരുണിന്റെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക. വലിയ നിരൂപക പ്രശംസക്കൊപ്പം നിരവധി അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു.

2022ൽ ഇറങ്ങിയ സൗദി വെള്ളക്കക്ക് ശേഷം മറ്റൊരു സിനിമയും തരുണിന്റെതായി പുറത്തിറങ്ങിയിരുന്നില്ല. അതിനിടയിൽ ആഷിഖ് ഉസ്മാനുമായി ചേർന്ന് ഒരു സിനിമയെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ പുത്തൻ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് തരുൺ മൂർത്തി. രാജപുത്രാ വിശ്വൽ മീഡിയ വിതരണം ചെയ്യുന്ന എം. രഞ്ജിത്ത് നിർമിക്കുന്ന ചിത്രത്തിന്റെ പേര് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാൽ പോസ്റ്ററിനെ ഹൈപ്പിൽ കയറ്റുന്ന ഒരു L ഫാക്ടർ ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്.

L360 എന്നാണ് പോസ്റ്ററിൽ കാണുന്നത്. ഇത് മോഹൻലാൽ തന്നെയാണെന്നാണ് ലാൽ ആരാധകരും സോഷ്യൽ മീഡിയയും ഒന്നടങ്കം പറയുന്നത്.

തരുൺ മൂർത്തി, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ സംഭവിക്കാം എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതോടെ ആരാധകർ കാത്തിരുന്ന ചിത്രം തന്നെയാവാം ഇതെന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ. അത് ശരിവെക്കുന്ന തരത്തിലാണ് നിറയെ കമന്റുകളും വരുന്നത്.