ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാം; രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിൽ സമൻസ് അയച്ച് പ്രത്യേക കോടതി
India
ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാം; രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിൽ സമൻസ് അയച്ച് പ്രത്യേക കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2024, 12:59 pm

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് സമൻസ് അയച്ച് ജാർഖണ്ഡിലെ പ്രത്യേക കോടതി. ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാമെന്ന രാഹുലിന്റെ പരാമർശത്തിലാണ് കോടതി സമൻസ് അയച്ചത്.

ജാർഖണ്ഡിലെ എം.പി, എം.എൽ.എമാരുടെ പ്രത്യേക കോടതിയാണ് മാർച്ച് 27ന് നേരിട്ട് ഹാജരാകണമെന്ന് രാഹുലിനോട് അറിയിച്ചത്. 2018ൽ രാഹുൽ നടത്തിയ പരാമർശത്തിൽ ആറ് വർഷങ്ങൾക്കിപ്പുറമാണ് കോടതിയുടെ നടപടി.

രാഹുലിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് പ്രതാപ് കത്യാറാണ് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോടതിയിൽ വാദം തുടരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുലിനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

അമിത് ഷായ്ക്കെതിരെ രാഹുൽ നടത്തിയ പരാമർശത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ രാഹുലിനെതിരെ പരാതി നിലനിൽക്കുന്നുണ്ട്. ഇതേ അപകീർത്തി കേസിൽ ഉത്തർപ്രദേശിലെ ഒരു കോടതിയിലും കഴിഞ്ഞ മാസം രാഹുൽ ​ഗാന്ധി ഹാജരായിരുന്നു. 2018ൽ കർണാടകയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് അമിത് ഷായ്ക്കെതിരെ രാഹുലിന്റെ പരാമർശം.

Content Highlight: court summons for rahul gandhi