ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍ പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ലങ്കന്‍ സിംഹങ്ങളുടെ വിജയം.

ശ്രീലങ്ക ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് മാത്രമമാണ് നേടാന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറി കരുത്തിലാണ് ലങ്ക മികച്ച സ്‌കോറിലെത്തിയത്. 100 പന്ത് നേരിട്ട് 14 ഫോറും മൂന്ന് സിക്‌സറും അടക്കം 121 റണ്‍സാണ് മെന്‍ഡിസ് നേടിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു നേട്ടവും മെന്‍ഡിസ് സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. ഈ റെക്കോഡിലെത്തുന്ന ആറാമത് താരമാണ് മെന്‍ഡിസ്.

ഇംഗ്ലണ്ടില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ടീം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – ടൗണ്‍ടണ്‍ – 1999

കുമാര്‍ സംഗക്കാര – ശ്രീലങ്ക – ദി ഓവല്‍ – 2013

കുമാര്‍ സംഗക്കാര – ശ്രീലങ്ക – ലോര്‍ഡ്‌സ് – 2014

സര്‍ഫറാസ് അഹമ്മദ് – പാകിസ്ഥാന്‍ – ലോര്‍ഡ്‌സ് – 2016

മുഷ്ഫിഖര്‍ റഹീം – ബംഗ്ലാദേശ് – നോട്ടിങ്ഹാം – 2019

റിഷബ് പന്ത് – ഇന്ത്യ – മാഞ്ചസ്റ്റര്‍ – 2022

കുശാല്‍ മെന്‍ഡിസ് – ശ്രീലങ്ക – ലീഡ്‌സ് – 2026*

അതേസമയം, മത്സരത്തില്‍ കുശാല്‍ മെന്‍ഡിസിന് പുറമെ കാമിന്ദു മെന്‍ഡിസും തിളങ്ങി. 54 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പവന്‍ രത്‌നനായകെ (39 പന്തില്‍ 48), ജനിത് ലിയനാഗെ (26 പന്തില്‍ 32) എന്നിവരാണ് ശ്രീലങ്കയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടോം ബാന്റണ്‍ (62 പന്തില്‍ 73), ജോ റൂട്ട് (49 പന്തില്‍ 69), ബെന്‍ ഡക്കറ്റ് (63 പന്തില്‍ 67), വില്‍ ജാക്‌സ് (61 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാനാകാതെ വീഴുകയായിരുന്നു.

അതേസമയം, ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയില്‍ ഒപ്പമെത്താനും ശ്രീലങ്കയ്ക്ക് സാധിച്ചു.

സെപ്റ്റംബര്‍ 27നാണ് സീരീസ് ഡിസൈഡര്‍ മത്സരം. ഓവലാണ് വേദി. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ജയം മാത്രം ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക.

 

Content highlight: Kusal Mendis has earned a spot on the list of Asian wicket-keepers to score an ODI century in England.