തന്റെ അപ്പച്ചന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി റിമി ടോമിയായിരുന്നെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്നെ കൊണ്ട് റിമിയെ കല്യാണം കഴിപ്പിക്കാനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ തന്റെ ഭാഗ്യത്തിനാണ് അങ്ങനെയൊന്നും നടക്കാതിരുന്നതെന്നും താരം പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ മറുപടി സദസിനെ മുഴുവന്‍ ചിരിയിലാഴ്ത്തിയിരുന്നു. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സിന്റെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോള്‍.

‘എന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായിരുന്നു റിമി ടോമി. ശരിക്കും പറഞ്ഞാല്‍ റിമിയെ എന്നെ കൊണ്ട് കെട്ടിക്കാനുള്ള പ്ലാനും അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ എന്റെ ഭാഗ്യം എന്നല്ലാതെ അതിലെന്ത് പറയാനാണ്,’ ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.റിമി ടോമി വേദിയിലിരിക്കുമ്പോഴാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്ങ്ങള്‍ പറഞ്ഞത്. ഉടനെ തന്നെ റിമിയുടെ മറുപടിയും വന്നു.

തന്റെ കോളേജ് കാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിച്ച താരമായിരുന്നു കുഞ്ചാക്കോ ബോബനെന്നും, കോളേജില്‍ നിന്ന് ആദ്യ ദിവസം തന്നെ നിറം സിനിമ കാണാന്‍ പോയെന്നും റിമി പറഞ്ഞു. പഠിക്കുന്ന സമയത്ത് കുഞ്ചാക്കോ ബോബന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങാന്‍ പോകുന്ന തന്റെ ചിത്രം അടുത്ത ദിവസത്തെ പത്രത്തില്‍ വന്നിരുന്നെന്നും റിമി പറഞ്ഞു.

‘ഇത് പറഞ്ഞത് എന്റെ ചങ്കിനാണ് കൊണ്ടത്. കാരണം തൊണ്ണൂറുകളില്‍ ഏറ്റവും ആഘോഷിച്ചത് ചാക്കോച്ചന്റെ സിനിമകളാണ്. കോളേജില്‍ നിന്നും ആദ്യം ഞങ്ങളെ കൊണ്ട് പോയി കാണിച്ച ചിത്രമായിരുന്നു നിറം. ചാക്കോച്ചനോട് ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ വന്ന എന്റെ ഫോട്ടോ പിറ്റേ ദിവസത്തെ പത്രത്തിലും അച്ചടിച്ച് വന്നു.

ഇതോടെ കോളേജില്‍ ഞാന്‍ സ്റ്റാറായി. ആര്‍ട്സ് ഡേക്ക് ചാക്കോച്ചനെ കൊണ്ട് വരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ ബോബന്‍ ആലമൂടാണ് വന്നത്. അന്ന് പാട്ട് പാടി, ഡാന്‍സ് കളിച്ച് അവിടെ നിന്നും തുടങ്ങിയതാണ് എന്റെ ജീവിതം,’ റിമി പറഞ്ഞു.

content highlight: kunchacko boban talks about rimi tomy