എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി, നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഉറപ്പായും സിനിമയിലേക്ക് തിരിച്ചുവരും: മോഹിനി
Entertainment news
എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി, നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഉറപ്പായും സിനിമയിലേക്ക് തിരിച്ചുവരും: മോഹിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th January 2023, 1:24 pm

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മോഹിനി. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ് മോഹിനി. നല്ല സിനിമകള്‍ കിട്ടുകയാണെങ്കില്‍ ഉറപ്പായും സിനിമയിലേക്ക് മടങ്ങി വരുമെന്നാണ് മോഹിനി പറഞ്ഞത്.

വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ ആയിരുന്നെന്നും, അവിടെയെത്തി കുറച്ചുകാലം തനിക്ക് നിരവധി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനെ തുടര്‍ന്ന് താന്‍ ക്രിസ്തു മതം സ്വീകരിച്ചെന്നും മോഹിനി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ അച്ഛനും അമ്മയുമൊക്കെ തഞ്ചാവൂര്‍കാരാണ് . എന്നാല്‍ ഞാന്‍ വളര്‍ന്നതൊക്കെ ചെന്നൈയിലാണ്. എന്റെ കുടുംബത്തിന് സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ലാളിച്ചാണ് എന്നെ വളര്‍ത്തിയത്. ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്ക്, പഠിത്തം അങ്ങനെ ബാല്യകാലം മനോഹരമായിരുന്നു. അച്ഛന്റെ ഒരു പരിചയക്കാരന്‍ വഴിയാണ് ഞാന്‍ സിനിമയിലെത്തുന്നത്.

എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി. എന്റെ കണ്ണുകള്‍ കണ്ടിട്ടാണ് ശരിക്കും എനിക്ക് സിനിമയില്‍ അവസരം കിട്ടിയത്. 2010ലാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ ഹാപ്പിയായിട്ടാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്.

2013ലാണ് ഞാന്‍ ക്രിസ്തുമതം സ്വീകരിക്കുന്നത്. അതിനുശേഷം എന്റെ പേര് മോഹിനി ക്രിസ്റ്റീന എന്നാക്കി മാറ്റിയിരുന്നു. നന്നായി പോകുന്ന നമ്മുടെ ജീവിതത്തില്‍ എപ്പോഴാണ് ഒരു സ്പീഡ് ബ്രേക്ക് വരുന്നതെന്ന് പറയാന്‍ പറ്റില്ല. വിവാഹശേഷം എന്റെ ശാരീരിക മാനസിക ആരോഗ്യം മോശമായി തുടങ്ങി.

ജീവിതം തന്നെ മടുത്തു എന്ന അവസ്ഥയിലെത്തി. നിരാശ നിറഞ്ഞ ചിന്തകളുമായി ഞാന്‍ വളരെയധികം ബുദ്ധിമുട്ടി. ആ സമയത്ത് ഒരുപാട് ഡോക്ടര്‍മാരെ കണ്ടിരുന്നു. എന്നാല്‍ പരിഹാരം ഒന്നും ഉണ്ടായില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്നും മനസിനെ മാറ്റാനായി ക്രിസ്തീയ ആരാധനയും സുവിശേഷങ്ങളും എനിക്ക് തുണയായി. അങ്ങനെയാണ് ഞാന്‍ ആ മതത്തിലേക്ക് മാറുന്നത്.

പലതരം ബുദ്ധിമുട്ടുകളും ദുഖങ്ങളും അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥനകളും സുവിശേഷങ്ങളും നടത്തി. ഇപ്പോള്‍ അമേരിക്കയിലും സമയം കിട്ടുമ്പോഴൊക്കെ ഇത് ചെയ്യുന്നുണ്ട്. മാനസിക പിരിമുറുക്കത്താല്‍ വിഷമിക്കുന്നവര്‍, ആശ്രിതരില്ലാത്തവര്‍ എന്നിവര്‍ക്കായി ഇപ്പോള്‍ ആത്മസംതൃപ്തിയോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എന്റെ ഭര്‍ത്താവ് ഐ.ടി പ്രൊഫെഷണലാണ്. മൂത്തമകന്‍ അനിരുദ്ധ് കോളേജിലും രണ്ടാമന്‍ അദ്വൈത് ആറാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. അദ്വൈതിന് രണ്ടാം ക്ലാസ് മുതല്‍ ഞാനാണ് കോച്ചിങ് നല്‍കുന്നത്. ഇപ്പോള്‍ നല്ല കുടുംബിനിയായി ജീവിതം സുഗമായി മുമ്പോട്ട് പോകുന്നു. വീണ്ടു സിനിമയിലേക്ക് മടങ്ങി വരാന്‍ പറ്റിയ അവസരമാണിതെന്ന് തോന്നുന്നു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഉറപ്പായും മടങ്ങി വരും,’ മോഹിനി പറഞ്ഞു.

 

CONTENT HIGHLIGHT: OLD MALAYALAM ACTRESS MOHINI TALKS ABOUT HER MARRIAGE LIFE