തിരുവനന്തപുരം: നാറ്റ്കോ മരുന്ന് കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ഔദ്യോഗിക പദവിയിലുള്ള ഒരാളെ കാണാൻ പലരും ഓഫീസിൽ വരാറുണ്ടെന്നും, അത്തരം കൂടിക്കാഴ്ചകളെ ഏതെങ്കിലും തരത്തിലുള്ള നയപരമായ തീരുമാനങ്ങളുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പലരും ഓഫീസിൽ വന്ന് കാണാറുണ്ട്, രേഖകളും ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും തരാറുണ്ട്. അവയെല്ലാം സ്വീകരിക്കാറുമുണ്ട്. എന്നാൽ, വിദഗ്ധരുമായി വിശദമായി ചർച്ച ചെയ്യാതെ ആരോഗ്യവകുപ്പ് ഒരു തീരുമാനവും കൈക്കൊള്ളില്ല. വാദിയും പ്രതിയുമൊക്കെ ഓഫീസിൽ വന്നു കാണാറുണ്ട്, ഫോട്ടോകൾ എടുക്കാറുമുണ്ട്.’ മന്ത്രി പറഞ്ഞു.

ടാസ്ക് ഫോഴ്സ് യോഗത്തിൽ കെ-പാസ് സംബന്ധിച്ച് എന്തെങ്കിലും ചർച്ച നടന്നിരുന്നോ എന്ന ചോദ്യത്തിന്, സംസ്ഥാനത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത തീരുമാനം ശരിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും ഇത്തരം ഗുരുതര രോഗങ്ങൾക്ക് ചികിത്സിക്കാൻ രാജ്യത്ത് മരുന്നില്ല എന്ന് പറയുന്നത് വലിയ നാണക്കേടാണ്. എങ്കിലും പെട്ടെന്ന് ഒരു കമ്പനി മരുന്നുമായി വന്നാൽ അത് കണ്ണുമടച്ച് അംഗീകരിക്കാൻ കഴിയില്ല. ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കി, കൃത്യമായ ഘട്ടങ്ങൾ പിന്നിട്ട് വർഷങ്ങൾ കൊണ്ടാണ് ഒരു മരുന്ന് വിപണിയിലെത്തുന്നത്. ചില സംസ്ഥാനങ്ങളിൽ ഈ മരുന്ന് വിപണിയിൽ എത്തിയിട്ടുണ്ടാകാം.’ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, മരുന്നിന്റെ ഗുണനിലവാരം തീരുമാനിക്കേണ്ടത് വിദഗ്ധരാണ് മന്ത്രിയല്ലയെന്നും മരുന്നിന്റെ ക്വാളിറ്റി ഒരു മന്ത്രിയ്ക്ക് അറിയില്ലയെന്നും മുരളീധരൻ പറഞ്ഞു.

കെ-പാസ് പദ്ധതി വഴിയുള്ള ഡാറ്റാ ചോർച്ച സംബന്ധിച്ച ആശങ്കകളും മന്ത്രി പൂർണമായും തള്ളി. താൻ മന്ത്രിയായിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ജനങ്ങളുടെ ഒരൊറ്റ ഡാറ്റ പോലും ചോരില്ലെന്നും ഇക്കാര്യത്തിൽ 100 ശതമാനം ഉറപ്പ് നൽകുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Content Highlight: ‘The plaintiff and the defendant might well come to the office and meet’; K. Muraleedharan states that no decision will be taken without expert examination.