ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കോളേജിലേക്ക് അതിക്രമിച്ച് കയറി ബജ്റംഗ്ദള്‍ അതിക്രമം.
സാം ഗ്ലോബല്‍ യൂണിവേഴ്സിറ്റില്‍ ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഒരു കൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്.
ഇവര്‍ പരിപാടിയുടെ പ്രധാന സ്റ്റേജ് കൈയടക്കുകയും ഉച്ചത്തില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘ജയ് ശ്രീറാം’ വിളികള്‍ക്ക് പിന്നാലെ, സ്റ്റേജില്‍ നിന്ന് മൈക്കിലൂടെ സംസാരിച്ച ഇവര്‍ അവിടെയുണ്ടായിരുന്നവരോട് ‘ജിഹാദി ചിന്താഗതിയുള്ളവര്‍’ അഞ്ച് മിനിറ്റിനുള്ളില്‍ പരിപാടി സ്ഥലത്തുനിന്ന് പുറത്തുപോകണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡുകളും പേരുകളും പരിശോധിക്കുകയും അഹിന്ദുക്കളാണെന്ന് മനസിലാക്കിയ ശേഷം സമീര്‍ ആലം, മാസൂം റാസ എന്നീ രണ്ട് മുസ്ലിം വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തങ്ങള്‍ ഈ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളാണെന്നും പുറത്തുനിന്നുള്ളവരല്ലെന്നും മര്‍ദ്ദനമേറ്റവര്‍ വ്യക്തമാക്കിയെങ്കിലും ഹിന്ദുത്വര്‍ ആക്രമണം തുടരുകയയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍ മതപരമായ ആഘോഷ വേളയില്‍ അശ്ലീലമായ ബോളിവുഡ് ഗാനങ്ങള്‍ കേള്‍പ്പിച്ചെന്നും, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും അഹിന്ദുക്കളായ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തെന്നുമാണ് ബജ്റംഗ്ദള്‍ നേതാക്കള്‍ ആരോപിക്കുന്നത്. തങ്ങള്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചുവെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്കി.
ബജ്റംഗ്ദളിന്റെ പരാതിയില്‍ ഭോപ്പാല്‍ ബില്ഖിരിയ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പൊതുസ്ഥലത്ത് അശ്ലീല ഗാനങ്ങള്‍ ആലപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയെങ്കിലും അതില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭോപ്പാലില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായ പ്രതിനിധികള്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Those with a ‘jihadi’ mindset must leave; Bajrang Dal activists storm a college in Bhopal and assault Muslim students.
