ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30നാണ് നടക്കുക.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനം ന്യൂസിലാന്‍ഡിലും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ സഞ്ജുവിന് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ സാധിക്കും. ടി-20യില്‍ 450 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതുവരെ ടി-20യില്‍ 439 സിക്‌സുകള്‍ നേടിയ സഞ്ജുവിന് 11 സിക്‌സുകള്‍ കൂടി നേടിയാല്‍ ഈ മൈല്‍സ്റ്റോണിലേക്ക് നടന്നു കയറാന്‍ സാധിക്കും.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മാത്രമാണ് ഇതുവരെ ടി-20യില്‍ 450 സിക്‌സറുകള്‍ നേടിയ താരങ്ങള്‍. കിങ്ങിനും ഹിറ്റ്മാനും ശേഷം മൂന്നാമനായി സഞ്ജു ഈ നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 568

വിരാട് കോഹ്‌ലി – 460

സഞ്ജു സാംസണ്‍ – 439

സൂര്യകുമാര്‍ യാദവ് – 429

രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, കേരളം, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ടി-20യില്‍ സഞ്ജു ഇത്രയധികം സിക്‌സുകള്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് അര്‍ധ സെഞ്ച്വറികളായിരുന്നു സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 41 പന്തില്‍ 82 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒമ്പത് ഫോറും നാല് സിക്സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

പിന്നീട് ഹൈദരാബാദിലും സഞ്ജു ഫിഫ്റ്റി നേടി തിളങ്ങി. മത്സരത്തില്‍ 23 പന്തില്‍ നിന്ന് നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഈ മിന്നും പ്രകടനം കിവീസിനെതിരെയും സഞ്ജു ആവര്‍ത്തിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Content Highlight: Sanju Samson Have A Chance To Achieve 450 T20 Sixes As Indian Player