ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ലുക്കിനായി താന്‍ നടത്തിയ തയ്യാറെടുപ്പുകളും ഫാന്‍ ബോയ് എന്ന നിലയില്‍ ചെയ്ത കാര്യങ്ങളും പങ്കുവെക്കുകയാണ് ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീന്‍. ജയിലര്‍ ആദ്യഭാഗത്തില്‍ ചെയ്യാന്‍ കഴിയാതെ പോയ ചില കാര്യങ്ങള്‍ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും അതില്‍ പലതും തന്റെ വ്യക്തിപരമായ താല്‍പര്യത്തില്‍ ചെയ്തതാണെന്നും ജിഷാദ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
സിനിമയില്‍ കാണിക്കാത്ത ലാല്‍ സാറിന്റെ ലുക്കുകള്‍ പുറത്തുവിടാനുള്ള അവകാശം തനിക്കില്ലെന്നും എന്നാല്‍ ആ ഷര്‍ട്ടുകള്‍ പുറത്തുവിടാനുള്ള റൈറ്റ് ഉണ്ടെന്നും ജിഷാദ് പറഞ്ഞു.

”ജയിലര്‍ 1-ല്‍ എനിക്ക് മിസ്സായതൊക്കെ ജയിലര്‍ 2-വില്‍ കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ അത്രയും എഫേര്‍ട്ടെടുത്തിരുന്നു. അതിനെ എഫേര്‍ട്ട് എന്ന് പറയാന്‍ പറ്റില്ല. കാരണം, അതിന് വേണ്ടി എന്നെ ആരും ഫോഴ്സ് ചെയ്തിട്ടില്ല. അത് എന്റെ മാത്രം എഫേര്‍ട്ടാണ്. ആ ഡീറ്റെയില്‍സൊക്കെ ഞാന്‍ കൊണ്ടുവന്നിരുന്നു. പക്ഷേ, കൊണ്ടുവന്ന സാധനങ്ങള്‍ മിസ് ആയി.

ഫാന്‍ എന്ന നിലയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തിരിക്കുന്നത്. ടെക്‌നീഷ്യന്‍ എന്ന നിലയില്‍ ഇതൊന്നും ചെയ്യേണ്ടതില്ല. പറഞ്ഞ ജോലികള്‍ മാത്രം ചെയ്താല്‍ മതി. പക്ഷേ, ഫാന്‍ ബോയ് എന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്തു.

ഒരു ഷൂസ് തന്നെ ഉദാഹരണമാണ്. ഡ്യൂക്ക് ആന്‍ഡ് ഡെക്സ്റ്റര്‍ എന്ന ബ്രാന്‍ഡിന്റെ ഷൂസായിരുന്നു അത്. മാത്യു എന്ന കഥാപാത്രത്തിന് അത് കൃത്യമായി ചേരുമെന്ന് തോന്നി. ആ ഷൂസ് ഇവിടെ കിട്ടാനില്ല. ഓണ്‍ലൈന്‍ വഴി വാങ്ങിയാലും വൈകും. അങ്ങനെ ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് വഴി ദുബായില്‍നിന്ന് ഷൂസ് എത്തിച്ചു. എയര്‍പോര്‍ട്ടില്‍ പോയി കളക്ട് ചെയ്യുകയായിരുന്നു.

അത് എന്റെ ഉള്ളില്‍ ഒരു ഫാന്‍ ബോയ് ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ ആ ലുക്കിന് വേണ്ട ഷൂസുകളൊക്കെ എന്റെ കൈയിലുണ്ട്. സാധാരണ എല്ലാവരും അങ്ങനെയൊരു ലുക്കിന് ബ്ലാക്ക് അല്ലെങ്കില്‍ ബ്രൗണ്‍ ഷൂസായിരിക്കും തിരഞ്ഞെടുക്കുക. പക്ഷേ, ആ ഷൂസ് ലാലേട്ടന്‍ ധരിച്ചുകാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,’ ജിഷാദ് പറഞ്ഞു.

മോഹന്‍ലാലിന്റെ പ്രകടനവും കഥാപാത്രത്തിന് അനുയോജ്യമായ സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള തന്റെ അനുഭവവും ജിഷാദ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘ലാല്‍ സാറില്‍ നമ്മള്‍ കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ എന്തെങ്കിലും ഒരു സാധനം അദ്ദേഹത്തിന് കൊടുത്തുകഴിഞ്ഞാല്‍ ബാക്കി അദ്ദേഹം ചെയ്‌തോളും. ഒരു ഗ്ലാസ് കൊടുത്താല്‍ അതിനനുസരിച്ച് അദ്ദേഹം പെര്‍ഫോം ചെയ്യും.’ കയ്യില്‍ കിടക്കുന്ന ഒരു വളയോ ബ്രേസ് ലെറ്റോ പോലും അദ്ദേഹം ഒരു പ്രത്യേക രീതിയില്‍ ഉപയോഗിക്കും,’ ജിഷാദ് പറഞ്ഞു.

ജയിലര്‍ 2വുമായി ബന്ധപ്പെട്ട് ഫാന്‍ ബോയ് എന്ന നിലയിലും ടെക്‌നീഷ്യന്‍ എന്ന നിലയിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടായി കാണണമെന്നും ജിഷാദ് പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്തിയെന്ന തരത്തില്‍ ചിലര്‍ പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ചിലപ്പോള്‍ സംവിധായകന്‍ വേറെ എന്തെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടാകാം. ജയിലര്‍ 3 വരാം. അല്ലെങ്കില്‍ അണ്‍കട്ട് വേര്‍ഷന്‍ ഒ.ടി.ടിയില്‍ വരാം. ഇതൊന്നും ഒഫീഷ്യലല്ല. അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടായേക്കാം.

ടെക്‌നീഷ്യന്‍ എന്ന നിലയില്‍ നമുക്ക് അവരുടെ കൂടെയേ നില്‍ക്കാന്‍ പറ്റൂ. ഫാന്‍ ബോയ് എന്ന നിലയിലും ടെക്‌നീഷ്യന്‍ എന്ന നിലയിലും ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അഭിപ്രായം പറഞ്ഞിരുന്നു. ഞാന്‍ യു ടേണ്‍ അടിച്ചു എന്ന് ചിലര്‍ പറഞ്ഞു. ഒരിക്കലും അങ്ങനെയല്ല. രണ്ടും രണ്ടാണ്. ഞാന്‍ പറഞ്ഞതില്‍ ഒരു മാറ്റവുമില്ല. എന്നെ ഇഷ്ടപ്പെടുന്ന, എന്നെ സ്‌നേഹിക്കുന്ന, ഞാന്‍ ഇഷ്ടപ്പെടുന്നവരോടാണ് ഞാന്‍ പറഞ്ഞത്,’ ജിഷാദ് വ്യക്തമാക്കി.

ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ ഒഴിവാക്കിയ ഭാഗത്തെ ലുക്കുകള്‍ ഇനി കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ജിഷാദ് മറുപടി നല്‍കി. ലാല്‍ സാറിന്റെ അഞ്ച് ലുക്കുകള്‍ പുറത്തുവിടാന്‍ തനിക്ക് അവകാശമില്ലെങ്കിലും ആ ലുക്കുകള്‍ക്കായി തയ്യാറാക്കിയ ഷര്‍ട്ടുകള്‍ പുറത്തുവിടാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ആ ഷര്‍ട്ടുകള്‍ ഞാന്‍ പുറത്തുവിടും. അത് എന്റെ കളക്ഷനാണ്. ഡിസൈനര്‍ എന്ന നിലയില്‍ അതിന് എനിക്ക് റൈറ്റ് ഉണ്ട്. പക്ഷേ, ലാല്‍ സാര്‍ ഇട്ടിട്ടുള്ള രീതിയിലുള്ള ചിത്രങ്ങള്‍ എനിക്ക് പുറത്തുവിടാന്‍ കഴിയില്ല. കാരണം, അത് എന്റെ അവകാശമല്ല. അത് അവരുടെ ക്രാഫ്റ്റാണ്. അതില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല.

എന്റെ ഫോണില്‍നിന്നുപോലും ഞാനത് എടുത്തുമാറ്റി. കാരണം നമുക്ക് മറവിയൊക്കെ സംഭവിക്കാം. ഈ ഫോണ്‍ എന്നെങ്കിലും എവിടെയെങ്കിലുമൊക്കെ മിസ് ആകാം. പാസ്വേഡ് ബ്രേക്ക് ചെയ്യലൊന്നും ഇന്നത്തെ കാലത്ത് വലിയ കാര്യമല്ല. അതുകൊണ്ട് ആ ചിത്രങ്ങളൊക്കെ ഞാന്‍ മാറ്റി,’ ജിഷാദ് പറഞ്ഞു.