റൊമാന്റിക് സിനിമകള്‍ ചെയ്ത് ഫീല്‍ഡൗട്ടിന്റെ വക്കിലെത്തിയതാ, ഇനിയങ്ങോട്ട് തിരിച്ചുപോകാന്‍ ആഗ്രഹമില്ല: കുഞ്ചാക്കോ ബോബന്‍
Malayalam Cinema
റൊമാന്റിക് സിനിമകള്‍ ചെയ്ത് ഫീല്‍ഡൗട്ടിന്റെ വക്കിലെത്തിയതാ, ഇനിയങ്ങോട്ട് തിരിച്ചുപോകാന്‍ ആഗ്രഹമില്ല: കുഞ്ചാക്കോ ബോബന്‍
അമര്‍നാഥ് എം.
Wednesday, 29th July 2026, 10:56 pm

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലൂടെ കരിയറാരംഭിച്ച കുഞ്ചാക്കോ ബോബന്‍ ആദ്യകാലങ്ങളില്‍ റൊമാന്റിക് സിനിമകളായിരുന്നു ചെയ്തത്. ചോക്ലേറ്റ് ഹീറോ ഇമേജില്‍ തളച്ചിടപ്പെട്ട കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ മുഴുവനായും മറ്റൊരു ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്.

ഓരോ സിനിമയിലും തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ഞെട്ടിക്കുകയാണ്. നായകവേഷം മാത്രം ചെയ്യാതെ വില്ലനായും തനിക്ക് തിളങ്ങാനാകുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചിട്ടുണ്ട്. അവാര്‍ഡ് പ്രഖ്യാപനങ്ങളിലും താരത്തിന്റെ പേര് അവസാന റൗണ്ട് വരെ ഉയര്‍ന്നുകേള്‍ക്കുന്നതും പതിവാണ്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉന്മാദം റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ വേഷമാണ് ചാക്കോച്ചന്റേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. വെറൈറ്റി റോളുകള്‍ ചെയ്യുന്നതിനിടയില്‍ പഴയതുപോലെ റൊമാന്റിക് സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു താരം.

‘റൊമാന്റിക് സിനിമകള്‍, റോം കോമൊക്കെ ചെയ്ത് ഫീല്‍ഡൗട്ടിന്റെ വക്കിലെത്തിയതാ. ഇനി ആ പരിസരത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ല. അത്തരം സിനിമകള്‍ ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും കഥ പറയാന്‍ വരുന്നവര്‍ പഴയതുപോലെ റൊമാന്റിക് സബ്ജക്ടുകള്‍ പറയാറുണ്ട്. പക്ഷേ, നമ്മള്‍ നമ്മളുടെ പ്രായം കൂടി നോക്കണ്ടേ.

റൊമാന്റിക് സിനിമകളെന്ന് പറഞ്ഞാല്‍ ചോക്ലേറ്റ് ബോയ് കഥകള്‍ മാത്രമല്ലല്ലോ. പ്രായമായവരുടെ പ്രണയകഥകളുമുണ്ടല്ലോ. മിഡില്‍ ഏജ്ഡ് ആയിട്ടുള്ളവരുടെയൊക്കെ റൊമാന്‍സിന് സ്‌കോപ്പുണ്ടെന്ന് തോന്നുന്നു. എന്റെ പ്രായത്തിന് ചേരുന്ന തരത്തില്‍ നല്ല റൊമാന്‍സ് കഥകള്‍ കേള്‍ക്കുകയാണെങ്കില്‍, അത് എനിക്ക് ഇഷ്ടപ്പെട്ടാല്‍ എന്തായാലും ചെയ്യും,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഷാഹി കബീറാണ് ഉന്മാദത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീര്‍- കുഞ്ചാക്കോ ബോബന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ കുറച്ച് ഹൊറര്‍ ഴോണറും കൂടി മിക്‌സ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ചര്‍ച്ചയായിരുന്നു. ജൂലൈ 31ന് ഉന്മാദം തിയേറ്ററുകളിലെത്തും.

Content Highlight: Kunchacko Boban saying he won’t do romantic films anymore

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം