ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം കൊത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആസിഫ് അലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റിലീസ് തിയതി പുറത്തുവിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും ആസിഫ് പുറത്തുവിട്ടിട്ടുണ്ട്.

നിഖില വിമലാണ് കൊത്തില്‍ നായിക. റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചറിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

രാഷ്ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കൈലാസ് മേനോന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.