ന്യൂദല്‍ഹി:  കൂടംകുളം ആണവനിലയത്തിന് വനം പരിസ്ഥിതി മന്ത്രാലയം വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ആണവനിലയത്തിലെ വെള്ളം കടലിലേക്ക് ഒഴുക്കുന്നതില്‍ ദോഷമില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു.[]

കടലിലേക്കൊഴുക്കുന്ന ജലം ആണവവികിരണം ഉള്ളവയല്ലെന്നും ഇത് കടലിലെ മത്സ്യങ്ങള്‍ക്കും മനുഷ്യര്‍ക്കും യാതൊരു ദോഷവുമുണ്ടാകില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു.

ആണവനിലയത്തിലെ സംസ്‌കരണ ജലം ശുദ്ധീകരിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കാനും ശുപാര്‍ശയില്‍ പറയുന്നു. തീരസംരക്ഷണമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

പ്ലാന്റ് തണുപ്പിക്കാന്‍ കടല്‍ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനം. തണുപ്പിച്ച ശേഷം ഈ ജലം കടലിലേക്ക് ഒഴുക്കുന്നതിന് മുമ്പ് യുറേനിയവും പ്ലൂട്ടോണിയവും വേര്‍ത്തിരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതിക്കാണ് ഇപ്പോള്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ശുദ്ധീകരിച്ച ജലം വീണ്ടും കടലിലേക്ക് വിടുന്നത് ജൈവസമ്പത്തിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതിയെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്ലാന്റ് തണുപ്പിച്ച ശേഷം നാല് കൈവഴികളിലായി 166.6 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തുവരുമെന്നാണ് കണക്ക്.

ഇതില്‍ 96 ശതമാനം യുറേനിയവും ഒരു ശതമാനം പ്ലൂട്ടോണിയവും വേര്‍തിരിക്കാം. ശേഷിക്കുന്ന മൂന്ന് ശതമാനം വേര്‍തിരിക്കാന്‍ കഴിയില്ലെങ്കിലും ഇത് കടലിലേക്ക് ഒഴുക്കുന്നതിലൂടെ ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും വ്യക്തമാക്കിയിരുന്നു.

ആണവനിലയത്തിലെ അണുവികിരണങ്ങള്‍ കടലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വനം പരിസ്ഥിതി വിദഗ്ധ സമിതിയുടെ ശുപാര്‍ശ വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് കൈമാറും.

കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടര്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു.