മുംബൈയ്‌ക്കെതിരെ ആര്‍ക്കും സാധിക്കാത്തത് സ്വന്തമാക്കാന്‍ വേണ്ടത് വെറും 24 റണ്‍സ്! ചരിത്രത്തിലേക്ക് രാഹുല്‍
IPL
മുംബൈയ്‌ക്കെതിരെ ആര്‍ക്കും സാധിക്കാത്തത് സ്വന്തമാക്കാന്‍ വേണ്ടത് വെറും 24 റണ്‍സ്! ചരിത്രത്തിലേക്ക് രാഹുല്‍
ആദര്‍ശ് എം.കെ.
Saturday, 21st March 2026, 7:22 pm

ആരാധകര്‍ ഏറെ ആകാംക്ഷയോടെയും അതിലേറെ ആവശത്തോടെയും കാത്തിരിക്കുന്ന ഐ.പി.എല്ലിന്റെ 19ാം സീസണിന് ഇനി എട്ട് ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ഈ സീസണില്‍ ഒരു ചരിത്ര നേട്ടത്തിന്റെ പിറവിക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടത്തിലേക്ക് രണ്ട് ഇതിഹാസങ്ങള്‍ മത്സരിക്കുകയാണ്. കെ.എല്‍. രാഹുലും വിരാട് കോഹ്‌ലിയും. ഈ നേട്ടത്തില്‍ ആദ്യമാര് എത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇതില്‍ പ്രഥമഗണനീയന്‍ രാഹുല്‍ തന്നെയാണ്.

വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും

നിലവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനാണ് രാഹുല്‍. 20 ഇന്നിങ്‌സില്‍ നിന്നും നേടിയത് 976 റണ്‍സ്. രണ്ടാമതുള്ള വിരാട് 922 റണ്‍സാണ് അടിച്ചെടുത്തത്. ഈ സീസണില്‍ വിരാടിന് മുമ്പ് തന്നെ രാഹുല്‍ മുംബൈയ്‌ക്കെതിരെ കളത്തിലറങ്ങും എന്നതിനാലാണ് രാഹുലിന് സാധ്യത കല്‍പ്പിക്കുന്നതും.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ്

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

കെ.എല്‍. രാഹുല്‍ – 20 – 976

വിരാട് കോഹ്‌ലി – 33 – 922

ശിഖര്‍ ധവാന്‍ – 28 – 901

കെ.എല്‍. രാഹുല്‍

2013ല്‍ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച രാഹുല്‍ 136 ഇന്നിങ്സില്‍ നിന്നും 46.21 ശരാശരിയിലും 136.02 സ്ട്രൈക് റേറ്റിലും 5222 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

ദല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

ഓരോ ടീമിനെതിരെയും രാഹുലിന്റെ പ്രകടനം

(എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 976

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 782

രാജസ്ഥാന്‍ റോയല്‍സ് – 751

ചെന്നൈ സൂപ്പര്‍ കിങ്സ് – 630

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 522

സണ്‍റൈസേഴ്സ് ഹൈദരാബാദ് – 482

ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) – 425

പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ്) – 252

ഗുജറാത്ത് ടൈറ്റന്‍സ് – 249

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 57

ഗുജറാത്ത് ലയണ്‍സ് – 51

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് – 45

കെ.എല്‍. രാഹുല്‍

ഈ സീസണില്‍ ഏപ്രില്‍ ഒന്നിനാണ് ദല്‍ഹി ആദ്യ മത്സരത്തിനിറങ്ങുന്നത്. എതിരാളികളുടെ തട്ടകമായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ രാഹുലിന്റെ മുന്‍ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

ഏപ്രില്‍ നാലിന് സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ദല്‍ഹിയും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. ഈ മത്സരത്തില്‍ രാഹുല്‍ ചരിത്രം തിരുത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: KL Rahul prepares for historic win against Mumbai Indians

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.