ഗൗളിശാസ്ത്രത്തിൽ കറുത്ത പല്ലിയാണ് കൂടുതൽ പ്രശ്നക്കാരൻ എന്ന് പറയുന്നതിൽത്തന്നെ വിവേചനം ഉണ്ട്: ഷാഹി കബീർ
malayalam movie
ഗൗളിശാസ്ത്രത്തിൽ കറുത്ത പല്ലിയാണ് കൂടുതൽ പ്രശ്നക്കാരൻ എന്ന് പറയുന്നതിൽത്തന്നെ വിവേചനം ഉണ്ട്: ഷാഹി കബീർ
നന്ദന. ടി
Thursday, 13th August 2026, 2:05 pm

ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് ആദ്യമായി സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ഹൊറർ ഇംപാക്ട് ചിത്രമായിരുന്നു ഉന്മാദം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വന്ന കുഞ്ചാക്കോ ബോബന്റെയും ഒപ്പം ലിജോമോൾ ജോസിന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ചെത്തുന്ന പോലീസ് സ്റ്റേഷനിൽ, ഷെല്ലി എന്ന കഥാപാത്രം കാലങ്ങളായി അന്ധവിശ്വാസം പിന്തുടരുന്ന ഒരു കേസ് ഫയൽ തുറക്കുകയും, തുടർന്ന് ആ ഫയലുമായി ബന്ധപ്പെട്ട് ഷെല്ലിയുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മറ്റു കഥാപാത്രങ്ങളെപ്പോലെ തന്നെ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന പല്ലിക്കും പ്രധാന പങ്കുണ്ട്.  ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ കൊണ്ടുവന്നിട്ടുള്ള വ്യത്യസ്ത കഥാഖ്യാന രീതിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കിരൺ ദാസും തിരക്കഥാകൃത്ത് ഷാഹി കബീറും.

ഷാഹി കബീർ. Photo. Screen grab/ Youtube

ഒരു സിനിമയിൽ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ കൂടെ വ്യത്യസ്തമായ രീതികളിലൂടെ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്, എന്നാൽ അതിലേക്ക് ഒരു പല്ലിയെ കൊണ്ടുവരിക എന്നത് ആരുടെ ചിന്തയിൽ നിന്നാണ് വന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.

‘ഒരു സൈക്കോളജിക്കൽ ലെവലിലാണ് ചിത്രത്തിൽ പല്ലിയെ ഉപയോഗിച്ചിട്ടുള്ളത്. സിനിമയുടെ ടൈറ്റിൽ സോങ് ശ്രദ്ധിച്ചാൽ തന്നെ അറിയാം പല്ലി എവിടെ നിന്നാണ് പുറത്തുവരുന്നത് എന്ന്. സിനിമ ആളുകൾ എങ്ങനെ കാണണം എന്ന് ഉദ്ദേശിച്ചാണ് ചിത്രത്തിലെ നിറങ്ങൾ പോലും തെരഞ്ഞെടുത്തിട്ടുള്ളത്,’ ഷാഹി കബീർ പറഞ്ഞു.

കാലങ്ങളായി മലയാളികൾക്കിടയിൽ അന്ധവിശ്വാസമായി നിലനിൽക്കുന്ന പല്ലിക്ക് സിനിമയിൽ പ്രാധാന്യം നൽകിയതിനോട് സംവിധായകൻ എന്ന രീതിയിൽ കിരൺ ദാസിന്റെ കാഴ്ചപ്പാട് എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു

‘നമ്മുടെ നാട്ടിൽ പല്ലി, അത്പോലും അറിയാതെ ആളുകൾക്ക് ഒരു ബാധ്യതയാണ്. കാരണം അതിന്റെ വാല് മുറിഞ്ഞാൽ പ്രശ്നം, അത് വന്ന് കയ്യിലോ തലയിലോ വീണാൽ പ്രശ്നം, ഇനി ചിലച്ചാൽ പ്രശ്നം അങ്ങനെ ശബ്ദമുണ്ടാക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത പാവപ്പെട്ട ഒരു ജീവിയാണത്, കിരൺ ദാസ് പറഞ്ഞു.

അതിൽത്തന്നെയുള്ള മറ്റൊരു വിഷയമാണ് കറുത്ത പല്ലിയും വെളുത്ത പല്ലിയും. ഗൗളിശാസ്ത്രപ്രകാരം കറുത്ത പല്ലിയാണ് കൂടുതൽ പ്രശ്നക്കാരൻ, വെളുത്ത പല്ലി അത്ര പ്രശ്നക്കാരനല്ല. അപ്പോൾ അതിൽത്തന്നെ ഒരു വിവേചനമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ തിരക്കഥയിലേക്ക് എത്തിച്ചേരാൻ കാരണമായത് താൻ മുമ്പ് കേട്ട ചില സംഭവങ്ങളിൽ നിന്നാണെന്ന് ഷാഹി കബീർ വെളിപ്പെടുത്തുന്നു

‘ഒരു പോലീസ് സ്റ്റേഷനെ കുറിച്ച് എന്നോട് ഒരാൾ പറഞ്ഞ കാര്യങ്ങളിൽ നിന്ന് സിനിമയുടെ കഥയിലേക്ക് എത്തുന്നത്. അവിടെ പ്രശ്നമുള്ള ഒരു ഫയൽ ഉണ്ടെന്നും, അത് എടുത്താൽ അസ്വാഭാവിക മരണങ്ങൾ സംഭവിക്കും, അല്ലെങ്കിൽ പോലീസുകാർക്ക് സസ്പെൻഷൻ ഉണ്ടാകും, അല്ലെങ്കിൽ യൂണിഫോമിൽ രക്തം വീഴും എന്നൊക്കെയാണ് അവർ പറഞ്ഞത്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളൊക്കെ ഇപ്പോഴും കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും നിലനിൽക്കുന്നുണ്ട് എന്ന ഒരു ചിന്തയിൽ നിന്നാണ് ഉന്മാദത്തിലേക്ക് എത്തുന്നത് ,’ ഷാഹി കബീർ പറഞ്ഞു.

ഉന്മാദം. Photo. BookMyshow

Content Highlight: Kiran Das and Shahi Kabir talks about using Lizard as an major element in the unmadham movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം