സ്ഥലത്ത് നിന്നു മറ്റൊരു ഒഴിഞ്ഞ മുറിയിലേക്ക് താനടക്കം എട്ടു പേരെയും കൊണ്ട് പോയ അധ്യാപകര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് ഷിന്റോ പറയുന്നത്. പത്ത് അധ്യാപകരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തങ്ങളുടെ ഫോണുകള്‍ വാങ്ങിയിട്ടാണ് വിട്ടയച്ചതെന്നും ഷിന്റോ വിവരിച്ചു.


കോഴിക്കോട്:  തമിഴ്‌നാട്ടിലെ സ്വകാര്യ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ പരിക്കേറ്റ കോഴിക്കോട് ഒളവണ്ണ സ്വദേശി ഷിന്റോയെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Also read ഒരു ലൈക്കോ കമന്റോ അല്ല ജീവിതം; പ്രവര്‍ത്തിക്കണം പ്രതികരിക്കണം: തന്റെ വാര്‍ത്ത ഏറ്റെടുക്കുന്ന യുവതയോട് അലന്‍സിയര്‍


കോളേജിലെ ഹോസ്റ്റല്‍ വാര്‍ഡനുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഷിന്റോ ഉള്‍പ്പടെ എട്ടു മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ സുഹൃത്തിനെ മര്‍ദിക്കുന്നത് തടഞ്ഞതിനെ ചൊല്ലിയാണ് മര്‍ദനം. ജനുവരി ഒമ്പതിനായിരുന്നു സംഭവം.

കോളേജില്‍ നടന്ന എക്‌സ്‌പോയ്ക്ക് പോകാന്‍ വൈകിയെന്നാരോപിച്ചായിരുന്നു ശിവരാമന്‍ എന്ന വാര്‍ഡന്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. ഷിന്റോയും മറ്റു വിദ്യാര്‍ത്ഥികളും ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വാര്‍ഡന്‍ നിലത്ത് വീണിരുന്നു. സ്ഥലത്തെത്തിയ ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ വിദ്യാര്‍ത്ഥികളോട് കോളേജില്‍ പോകാന്‍ പറഞ്ഞു. സുഹൃത്തുക്കളില്‍ ചിലരെ കാണാത്തതിനെ തുടര്‍ന്നു ഷിന്റോയും സുഹൃത്തുകളും തിരിച്ചെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വാര്‍ഡനെ മര്‍ദിച്ചെന്നു വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകര്‍ പരാതി എഴുതി വാങ്ങുന്നതാണ് കണ്ടത്.

സ്ഥലത്ത് നിന്നു മറ്റൊരു ഒഴിഞ്ഞ മുറിയിലേക്ക് താനടക്കം എട്ടു പേരെയും കൊണ്ട് പോയ അധ്യാപകര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് ഷിന്റോ പറയുന്നത്. പത്ത് അധ്യാപകരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തങ്ങളുടെ ഫോണുകള്‍ വാങ്ങിയിട്ടാണ് വിട്ടയച്ചതെന്നും ഷിന്റോ വിവരിച്ചു.

പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷെഫീഖ്, ഇടുക്കി സ്വദേശി അമല്‍, കൊച്ചി സ്വദേശി ബെഞ്ചമിന്‍, ആഷിക്, അര്‍ജുന്‍, പിനെ പേരറിയാത്ത മറ്റൊരു കുട്ടിയുമാണ് കൂടെയുണ്ടായിരുന്നതെന്നു പറഞ്ഞ ഷിന്റോ പഠിപ്പ് നിര്‍ത്തുകയാണെന്നും ഇനി അങ്ങോട്ടില്ലെന്നുംപറയുന്നു. ഷിന്റോയുടെ പരാതി പ്രകാരം വെള്ളയില്‍ പോലീസ് ആസ്പത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂരിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു തൊട്ടു പിന്നാലെയാണ് തമിഴ്‌നാട്ടിനെ സ്വകാര്യ കോളേജില്‍ നിന്നുള്ള വാര്‍ത്തയും പുറത്തു വരുന്നത്.