മലയാള സിനിമാ പ്രേമികള്‍ക്കിടയിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയിലും സുപരിചിതനായ വ്‌ളോഗറാണ് അശ്വന്ത് കോക്ക്. മലയാളത്തിലും മറ്റ് ഭാഷകളില്‍ പുറത്തിറങ്ങുന്ന മുന്‍നിര ചിത്രങ്ങളെയും യാതൊരു ദയയുമില്ലാതെ റിവ്യൂ ചെയ്യുന്ന അശ്വന്ത് ഒട്ടനവധി വിവാദങ്ങളുടെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് താരത്തെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

നടക്കാവ് കൊട്ടാരം റോഡില്‍ വെച്ച് അശ്വന്ത് ഓടിച്ചിരുന്ന വാഹനം സ്‌കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. പിന്നാലെ മദ്യലഹരിയിലായിരുന്ന അശ്വന്തിനെ നാട്ടുകാര്‍ ഇടപെട്ട് പൊലീസില്‍ ഏല്പിക്കുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലും താരത്തിനെതിരെ വലിയ ട്രോളുകളായിരുന്നു ഉയര്‍ന്നത്. ഇപ്പോഴിതാ അശ്വന്തിനെ പരോക്ഷമായി ട്രോളിക്കൊണ്ട് കേരള പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

അശ്വന്ത് കോക്ക്. Photo: X.com

 

ഒരു സിനിമയുടെ റിവ്യൂവിന് സമാനമായിട്ടുള്ള പോസ്റ്ററാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ് ഒരു അനാവശ്യ ത്രില്ലര്‍ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. അര സ്റ്റാര്‍ മാത്രം നല്‍കിയിരിക്കുന്നതിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നത് വളരെ മോശമാണെന്ന് പൊലീസ് പറയാതെ പറയുന്നു. ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡാണെന്നും സെക്കന്‍ഡ് ഹാഫില്‍ ഫൈനും കേസുമാണെന്നും പോസ്റ്റില്‍ പറയുന്നു.

ചിത്രത്തിന്റെ കഥ സ്ഥിരം അബദ്ധമാണെന്നും ഒട്ടും വ്യക്തതയില്ലാത്ത തിരക്കഥയാണെന്നും പരിഹാസമുണ്ട്. വെള്ളമടിച്ച് വണ്ടിയോടിച്ചാലുള്ള അവസാനം പോലെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒന്നുകില്‍ ലോക്കപ്പിലോ അല്ലെങ്കില്‍ ഹോസ്പിറ്റിലലിലോ ആണെന്നും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോസ്റ്റായി പിഴയും ആശുപത്രി ഫീസും ചെലവാകുമെന്നും വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവുമാണ് ഓഡിയന്‍സ് റെസ്‌പോണ്‍സെന്നും റിവ്യൂ കാണാം.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവന്‍ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാല്‍ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തെരഞ്ഞെടുക്കൂ,’ കേരള പൊലീസിന്റെ പോസ്റ്റില്‍ പറയുന്നു.

Content Highlight: kerala police troll for youtuver Ashwanth KOK