ഉക്രൈനില്‍ കപ്പലിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ കാസര്‍ഗോഡ് സ്വദേശിയും
Kerala
ഉക്രൈനില്‍ കപ്പലിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ കാസര്‍ഗോഡ് സ്വദേശിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2026, 9:51 pm

കാസര്‍കോട്: ഉക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേര്‍ക്കുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍ഗോഡ് സ്വദേശിയും ഉള്‍പ്പെടുന്നതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍ (26)ആണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയന്‍-സാലി ദമ്പതികളുടെ മകനാണ് അഖില്‍ ജോയന്‍.

അഞ്ച് വര്‍ഷമായി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അഖില്‍. ഒരുമാസം മുമ്പ് അദ്ദേഹം നാട്ടിലെത്തുകയും വിവാഹമുറപ്പിച്ച ശേഷം ജോലിയില്‍ തിരിച്ച് പ്രവേശിക്കുകയും ചെയ്തിരുന്നതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കപ്പലിന് നേര്‍ക്ക് നിരന്തരം ആക്രമണമുണ്ടാകുന്നതായും സുരക്ഷിതമല്ലെന്നും അഖില്‍ തന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഈ കപ്പലിലെ ജോലി അവസാനിപ്പിക്കാന്‍ അഖില്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്നലെയായിരുന്നു ചെങ്കടലില്‍ ഒഡേസക്ക് സമീപം കപ്പലിന് നേര്‍ക്ക് ആക്രമണമുണ്ടായതായി ഉക്രൈന്‍ നാവിക സേന അറിയിച്ചത്. ആക്രമണത്തില്‍ ആകെ 10 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗിനിയ-ബിസാവു പതാകയുള്ള ‘ഗോള്‍ഡന്‍ ലിയോ’ കപ്പലിന് നേരെയാണ് ആക്രമണമെന്നാണ് യുക്രൈന്‍ വ്യോമസേന അറിയിച്ചത്. റഷ്യന്‍ ക്രൂസ് മിസൈല്‍ ഈ കപ്പലിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നെന്നും ഉക്രൈന്‍ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് നിലവില്‍ ഈ കപ്പലിന്റെ നടത്തിപ്പുകാരെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള നാവികരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവ സ്ഥലത്ത് 17 കപ്പല്‍ ജീവനക്കാരടക്കം 18 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെ രക്ഷപ്പെടുത്തി.

ഒഡേസ തുറമുഖത്തുനിന്ന് ചോളം കയറ്റി പുറപ്പെട്ട കപ്പലിന് നേര്‍ക്ക് റഷ്യന്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മൂന്ന് ക്രൂയിസ് മിസൈലുകള്‍ പതിക്കുകയായിരുന്നെന്ന് യുക്രൈന്‍ നാവിക സേന അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കപ്പലിലുണ്ടായ തീ അണച്ചശേഷം നാവകസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ജീവനക്കാരെ പുറത്തെടുക്കുകയായിരുന്നു.

കപ്പല്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനെ വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. ചരക്ക് കപ്പലുകള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ അപലപനീയമാണെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Content Highlight: Kerala Native among those killed in Attack on ship Near Odesa, Ukraine