എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാകാത്തതിന് കേരള സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്ന് മാസത്തിനകം അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന 2017 ജനുവരി പത്തിലെ കോടതി വിധി ഇതുവരെയും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസയച്ചത്.

ഡി.വൈ.എഫ്.ഐ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് 2017 ല്‍ സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാനമായ വിധി ഉണ്ടായത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക, നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരിതബാധിതര്‍ വീണ്ടും സമരരംഗത്തിറങ്ങിയ സമയത്താണ് സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരായ രമ്യ, സിസിലി, ജമീല, ബാധവി എന്നിവരാണ് അഡ്വക്കേറ്റ് കാളീശ്വരം രാജ് മുഖേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗുരുതരമായ ഹൃദയ തകരാറുകള്‍ മൂലം കിടപ്പിലായ കുട്ടിയാണ് രമ്യയുടെ മകള്‍ അര്‍ച്ചന, ജമീലയുടെ മകന്‍ അഫ്‌സല്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം പ്രശ്‌നമനുഭവിക്കുന്നു. രണ്ടു മാസം കൂടുമ്പോള്‍ 18500 രൂപ വിലയുള്ള ഇന്‍ജെക്ഷനാണ് ഈ കുട്ടിക്ക് എടുക്കേണ്ടി വരുന്നത്.

Image may contain: 16 people, people standing

 

70 ശതമാനത്തോളം ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുട്ടിയാണ് സിസിലിയുടെ മകള്‍ നിഷ, നാലാമത്തെ പരാതിക്കാരി ബാധവിയുടെ മകള്‍ വിജയലക്ഷ്മി ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലാണ്. തങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങളാണ് ഈ അമ്മമാരെ പരാതിയുമായി പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിച്ചത്.

സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് അപൂര്‍ണ്ണമാണെന്നും മുഴുവന്‍ ഇരകളെയും ഉള്‍ക്കൊള്ളിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കി എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഇരകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം മുഴുവന്‍ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന വ്യക്തമായ ഉത്തരവുണ്ടായിട്ടും അത് പാലിക്കാത്തത് കോടതിയലക്ഷ്യമാണെന്നും ആയതിനാല്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും, എത്രയും വേഗം ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍,ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് കേരള ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.

സി.പി.ഐ.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയാണ് സുദീര്‍ഘമായ നിയമപോരാട്ടത്തിലൂടെ സുപ്രീം കോടതിയില്‍ നിന്ന് ഇരകള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ചത്. എന്നാല്‍ സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇത്രകാലമായിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പറയുന്നു. ” ഡി.വൈ.എഫ്.ഐ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. അവര്‍ തന്നെ നേടിയെടുത്ത വിധിയെ തളളിപ്പറയാനും കഴിയില്ല, അതേ സമയം വിധി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും വയ്യാത്ത അവസ്ഥയിലാണ് അവര്‍” എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു.

Image result for പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍

 

“കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിയ സമരങ്ങള്‍ക്കൊപ്പം നിന്നവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്. പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വത്തക്ക നല്‍കിക്കൊണ്ടാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. അന്ന് ഇടതുപക്ഷത്തെ ഇപ്പോഴത്തെ മന്ത്രിമാരടക്കം അവിടെയെത്തിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറി ഇത്ര നാളായിട്ടും ഈ ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല. ” കുഞ്ഞികൃഷ്ണന്‍ പറയുന്നു.

കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷവും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷവും, അല്ലാത്തവര്‍ക്ക് മൂന്ന് ലക്ഷവും വീതം മൂന്ന് മാസത്തിനകം കൊടുത്തു തീര്‍ക്കണം എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഈ ഉത്തരവ് വന്നതിന് പിന്നാലെ മാര്‍ച്ച് 31 ന് മുഖ്യമന്ത്രി കാസര്‍കോട്ടെത്തി യോഗം വിളിച്ച് കുറച്ചാളുകള്‍ക്ക് ധനസഹായം വിതരണം ചെയ്തിരുന്നു. എന്നാല്‍ ആദ്യഘട്ട സഹായം വിതരണം ചെയ്തവര്‍ക്കുള്ള മൂന്നാം ഗഡു സഹായം മാത്രമാണ് അന്ന് വിതരണം ചെയ്തതെന്നും സഹായം മുഴുവനായും കൊടുത്തു തീര്‍ക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

5848 പേര്‍ക്കാണ് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കേണ്ടത്. അതില്‍ 1350 പേര്‍ക്ക് അഞ്ചുലക്ഷം വീതവും, 1315 പേര്‍ക്ക് മൂന്ന് ലക്ഷം വീതവും കിട്ടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇതുവരെയും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. മുന്‍പേ കൊടുക്കാന്‍ തീരുമാനിച്ചിരുന്ന ആള്‍ക്കാര്‍ക്ക് മൂന്നാം ഗഡു വിതരണം ചെയ്തു എന്നല്ലാതെ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ആരോപിക്കുന്നു.

Image result for എന്‍ഡോസള്‍ഫാന്‍

 

മുഴുവന്‍ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ആ തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്ന് ഈടാക്കാനുമാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനി എന്ന് പറയുന്നത് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനം തന്നെയാണ്. വിധിയില്‍ അവ്യക്തത ഉണ്ടെന്ന സാങ്കേതിക ന്യായമാണ് മന്ത്രി അടക്കമുള്ളവര്‍ ഇപ്പോഴും പറയുന്നതെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നഷ്ടപരിഹാര വിതരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെന്നും ഇതിനു പിന്നാലെ സുപ്രീം കോടതി വിധി വന്നപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് നഷ്ടപരിഹാര വിതരണം വൈകിപ്പിക്കുന്നതെന്ന ന്യായവാദമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് ഉയര്‍ത്തുന്നത്.

“ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശാനുസരണമുള്ള നഷ്ടപരിഹാര വിതരണത്തിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വന്നത്. അത് ഇരകളെ പല വിഭാഗങ്ങളായി തിരിച്ചു കൊണ്ടുള്ളതായിരുന്നു. എന്നാല്‍ സുപ്രിം കോടതി വിധി എല്ലാവര്‍ക്കും 5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് . ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ തുടരാമോ അതോ സുപ്രിം കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരമാണോ നല്‍കേണ്ടത് എന്ന പ്രശ്‌നം കോടതിയുടെ മുമ്പാകെത്തന്നെ ഉന്നയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. സംസ്ഥാന സര്‍ക്കാര്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ സുപ്രിം കോടതിയില്‍ നല്‍കുമെന്നും അതില്‍ കോടതി തരുന്ന നിര്‍ദ്ദേശം പാലിച്ച് നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കൊപ്പമാണ്. നഷ്ടപരിഹാരം നല്‍കും. ഏത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തതയ്ക്കു വേണ്ടി കോടതിയോട് ചോദിക്കുന്നു. അത്ര മാത്രം. ” എന്നാണ് എം.സ്വരാജ് പറഞ്ഞത്.

Image may contain: 4 people, people smiling, wedding

 

മുന്‍ ഉറപ്പുകള്‍ പാലിക്കണമെന്നും സുപ്രീം കോടതി ഉത്തരവ് പാലിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കഴിഞ്ഞ ദിവസം മുതല്‍ കാസര്‍ഗോഡ് കളക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു കഴിഞ്ഞു. അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം ജനുവരി 30 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വീണ്ടും സമരത്തിന് എത്താനാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരകളായ കുട്ടികളുമായെത്തി നടത്തിയ സമരത്തില്‍ ലഭിച്ച ഉറപ്പുകള്‍ പാലിക്കാന്‍ വേണ്ടി വീണ്ടും സെക്രട്ടേറിയറ്റ് നടയിലേക്ക് തന്നെ എത്തേണ്ട അവസ്ഥയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍.

അന്ന് സമരത്തിന് ഒപ്പം നിന്നവരാണ് ഇപ്പോള്‍ ഭരണത്തില്‍ എന്നത് തങ്ങളെ സംബന്ധിച്ച് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എന്നത് കൊണ്ടാണ് ചലനശേഷിയില്ലാത്ത കുട്ടികളുമായി വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുന്നത്. അങ്ങനെ സമരം ചെയ്യുമ്പോള്‍ കുട്ടികളുമായി സമരത്തിന് വന്നു എന്ന കാരണം പറഞ്ഞ് ബാലാവകാശ കമ്മീഷനും മറ്റും വരും. ഈ അമ്മമാര്‍ പിന്നെ എന്താണ് ചെയ്യേണ്ടത്? എന്നാണ് ജനകീയ മുന്നണി ചോദിക്കുന്നത്.

Image result for എന്‍ഡോസള്‍ഫാന്‍

“ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ, അത് കൊടുക്കേണ്ടത് തന്നെയാണ്. എത്ര കൊടുത്താലും നികത്താനാകാത്ത നഷ്ടം തന്നെയാണത്. ആ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. അതേ ആര്‍ജ്ജവം ഈ ദുരിതബാധിതരുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ കാണിക്കേണ്ടതല്ലേ, അപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സംഘടിത ശക്തിയോ വോട്ട് ബാങ്കോ അല്ലാത്തത് കൊണ്ടാവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ അലംഭാവം കാണിക്കുന്നത്. ബഡ്‌സ് സ്‌കൂള്‍, ചികിത്സാ സൗകര്യം തുടങ്ങി വാഗ്ദാനം ചെയ്യപ്പെട്ട ഒരു കാര്യവും ഇത് വരെ നടന്നിട്ടില്ല. അടുത്തിടെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് ഇതൊക്കെ പഴയ ആവശ്യങ്ങളല്ലേ എന്നാണ്, പഴയ ആവശ്യങ്ങള്‍ നടപ്പായിട്ട് വേണ്ടേ പുതിയത് ചോദിയ്ക്കാന്‍?” അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ചോദിക്കുന്നു.

ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് അനന്തമായി നീട്ടാതെ എത്രയും വേഗം ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. വിധിയില്‍ അവ്യക്തത ഉണ്ടെങ്കില്‍ കോടതി വിധി വന്ന് ഒരു വര്‍ഷമായിട്ടും എന്തുകൊണ്ട് അതില്‍ വ്യക്തത വരുത്തി നഷ്ടപരിഹാരം കൊടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല എന്ന ചോദ്യവും അവശേഷിക്കുന്നു.