sathiതിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് പ്രവര്‍ത്തിക്കാത്തതിന് മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ കേരളാ കോണ്‍ഗ്രസിന്റെ പരാതി. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം എന്നീ എം.എല്‍.എമാര്‍ക്കെതിരെയാണ് കേരളാ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്.

നിര്‍ണായകമായ ബജറ്റ് ദിനത്തില്‍ ധനമന്ത്രിയെ പിന്തുണച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ വി.ഡി സതീശന്‍ സഭയിലുണ്ടായിരുന്നിട്ടും ധനമന്ത്രിയ്ക്ക് പിന്തുണ നല്‍കിയില്ല. ഇത് മാണിയുടെ കാര്യത്തില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കിടയില്‍ വിയോജിപ്പുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടാന്‍ കാരണമായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ബജറ്റ് ദിവസം അവധിയെടുത്ത ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കേരളാ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഭരണപക്ഷത്തെ മറ്റ് എം.എല്‍.എമാര്‍ നിയമസഭയില്‍ മാണിയ്ക്ക് സുരക്ഷയ്‌ക്കൊരുക്കി പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന വി.ടി ബല്‍റാമും വി.ഡി സതീശനും ഇതിലൊന്നും പങ്കുചേരാതെ മാറി നില്‍ക്കുകയായിരുന്നു.

അതേസമയം, ബജറ്റ് ദിനത്തില്‍ അവധിയെടുത്തത് അമ്മയുടെ അസുഖം കാരണമാണെന്ന് ടി.എന്‍ പ്രതാപന്‍ വിശദീകരിച്ചു. നിയമസഭയില്‍ ലഡു വിതരണം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലഡു വിതരണം നടത്തിയതിനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്.