എഡിറ്റര്‍
എഡിറ്റര്‍
‘അവര്‍ വിദ്യാര്‍ഥികളാണ്, ക്രിമിനലുകളല്ല’ ജെ.എന്‍.യു കാമ്പസില്‍ നിന്നും പോകാന്‍ പൊലീസിനോട് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Thursday 10th August 2017 1:02pm

ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പൊലീസിനോട് ദല്‍ഹി ഹൈക്കോടതി. പൊലീസിന് കയറി ഇരിക്കാനുള്ള ഇടമല്ല യൂണിവേഴ്‌സിറ്റികളെന്നും കോടതി വ്യക്തമാക്കി.

‘ അവിടെയുള്ളത് വിദ്യാര്‍ഥികളാണ്, ക്രിമിനലുകളല്ല’ എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

ജെ.എന്‍.യുവില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ സഹായം ആവശ്യപ്പെട്ടാല്‍ മാത്രം പൊലീസ് പോയാല്‍മതിയെന്നും കോടതി നിര്‍ദേശിച്ചു.

വിദ്യാര്‍ഥി പ്രതിഷേധമുണ്ടാവുന്ന സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലേക്ക് പ്രവേശിക്കാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് ജസ്റ്റിസ് വിഭു ഭഖ്‌റുവിന്റേതാണ് ഉത്തരവ്.


Also Read: ഇന്റര്‍നെറ്റ് ആര്‍ക്കേവ് അടക്കം 2650 സൈറ്റുകള്‍ക്ക് വിലക്ക്: പിന്നില്‍ സെന്‍സര്‍ഷിപ്പിനെതിരെ ശബ്ദിച്ച ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ സിനിമ ടീം


യൂണിവേഴ്‌സിറ്റിയുടെ നയപരമായ തീരുമാനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധമുയരുന്ന വേളയില്‍ തങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് ജെ.എന്‍.യു കോടതിയെ സമീപിച്ചത്.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ വിദ്യാര്‍ഥി യൂണിയനും ജെ.എന്‍.യു ജീവനക്കാരും പ്രതിഷേധിക്കുന്നത് വിലക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിശോധിച്ച കോടതി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രതിഷേധിക്കരുതെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

Advertisement