ന്യൂദല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപ്പോര്‍ട്ടുകളും കെ.സി. വേണുഗോപാല്‍ തള്ളി.

കേരളത്തിലെ പട്ടിക വൈകുന്നത് താന്‍ കാരണമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പട്ടിക തയ്യാറാക്കുന്നത് കെ.പി.സി.സിയാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അക്കാര്യങ്ങളിലൊന്നും എ.ഐ.സി.സി ഇടപെട്ടിട്ടില്ല.

തര്‍ക്കങ്ങള്‍ കേരളത്തില്‍ പരിഹരിക്കും. ഒരുദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താന്‍. താനുമായി ബന്ധപ്പെട്ട ആളുകളും പാര്‍ട്ടിയില്‍ കാണുമെന്ന് വേണുഗോപാല്‍ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് വാസ്തവ വിരുദ്ധമായ പ്രചാരണമാണ്. പല കാര്യങ്ങളും തന്റെ തലയില്‍ വെ്ക്കാന്‍ ശ്രമം നടക്കുന്നു. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. പാര്‍ട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സാധാരണഗതിയില്‍ കോണ്‍ഗ്രസ് കേരളത്തില്‍ എടുക്കുന്ന സമയമൊന്നും ഇപ്രാവശ്യം എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ ചില ചര്‍ച്ചകല്‍ കൂടുതലായി വേണ്ടി വരും. ആ ചര്‍ച്ച നടത്തിവരികയാണ്. വൈകാതെ പട്ടിക പുറത്തിറക്കാന്‍ കഴിയുമെന്നാണ് താന്‍ വിചാരിക്കുന്നത്. പരാതിയുള്ളവര്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് ഇനിയും പരാതി പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയില്‍ ഒരു അച്ചടക്കം ഇപ്പോഴുണ്ട്. പാര്‍ട്ടി രക്ഷപ്പെടണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് ഉള്‍ക്കൊണ്ടുകൊണ്ട് പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രംഗത്ത് വന്നു. കേരളത്തിലെ പട്ടികയില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ കെ. സുധാകരന്‍, പട്ടിക വൈകാന്‍ കാരണം കെ.സി. വേണുഗോപാലല്ലെന്നും വ്യക്തമാക്കി. ഇക്കാര്യം താന്‍ സാക്ഷ്യപ്പെടുത്തി പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം