ഒന്നുകില്‍ കാന്താര, അല്ലെങ്കില്‍ കങ്കുവ... കറുപ്പ് ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് അവസ്ഥ പ്രവചിച്ച് മലയാളം സിനിമാപേജുകള്‍
Malayalam Cinema
ഒന്നുകില്‍ കാന്താര, അല്ലെങ്കില്‍ കങ്കുവ... കറുപ്പ് ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് അവസ്ഥ പ്രവചിച്ച് മലയാളം സിനിമാപേജുകള്‍
അമര്‍നാഥ് എം.
Monday, 11th May 2026, 4:17 pm

ഇത്തവണയെങ്കിലും ബോക്‌സ് ഓഫീസില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ സൂര്യ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. കങ്കുവയുടെ വന്‍ പരാജയത്തിന് ശേഷം താരത്തിന്റേതായി അനൗണ്‍സ് ചെയ്ത ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്തുന്നത്. ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഒരുപാട് നാളത്തെ കാത്തിരുപ്പിന് ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലുണ്ടായ പ്രതിസന്ധിയാണ് ഈ വൈകലിന് പിന്നില്‍. കാത്തിരുന്നതിന് ഫലമുണ്ടായെന്നാണ് ട്രെയ്‌ലര്‍ റിലീസിന് ശേഷം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മാസ് മസാല ആക്ഷന്‍ ഴോണറിലാണ് ബാലാജി കറുപ്പ് ഒരുക്കിയത്.

കറുപ്പ് Photo: Screen grab/ Think Music India

എന്നാല്‍ മലയാളത്തിലെ സിനിമാപേജുകളില്‍ ട്രെയ്‌ലറിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. തമിഴ് സിനിമയില്‍ അന്യം നിന്നുപോയ അതേ ടെംപ്ലേറ്റിലുള്ള കഥ പ്രേക്ഷകര്‍ ഏത് തരത്തിലാകും സ്വീകരിക്കുക എന്നാണ് പലരും ചോദിക്കുന്നത്. ഓവര്‍ ദി ടോപ് ആക്ഷന്‍ രംഗങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. ചിത്രത്തിന്റെ വണ്‍ലൈനും വര്‍ക്കാകുമോ എന്നാണ് പലരുടെയും സംശയം.

കറുപ്പുസ്വാമി എന്ന ദൈവത്തിന്റ ഷെയ്ഡുള്ള കഥാപാത്രമാകും സൂര്യയുടേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും പേടിയും ഈയൊരു കാര്യമാണ്. ദൈവത്തിന്റെ ഷെയ്ഡുള്ളതുകൊണ്ട് നായകന്റെ എല്ലാ ആക്ഷന്‍ സീനുകള്‍ക്കും ലോജിക് ചികയേണ്ട ആവശ്യം വരില്ല. എന്നാല്‍ ഈയൊരു ഭാഗം പ്രേക്ഷകരിലേക്ക് കണക്ടാക്കിയില്ലെങ്കില്‍ വലിയ തിരിച്ചടിയാകും ലഭിക്കുക.

നായകന് ദൈവം കയറുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു കാന്താര. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ഈയൊരു ഫാക്ടര്‍ പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ടാകുന്ന തരത്തിലാണ് ഒരുക്കിയത്. അതിനാല്‍ തന്നെ റിഷബ് ഷെട്ടിയുടെ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളില്‍ ലോജിക് ചികയേണ്ടി വന്നിട്ടില്ലായിരുന്നു. കറുപ്പില്‍ ഇതുപോലെ വര്‍ക്കാക്കാന്‍ സംവിധായകന് സാധിക്കുമോ എന്നാണ് പലരുടെയും സംശയം.

ഒരുപക്ഷേ കഥപറച്ചില്‍ പാളിയാല്‍ മറ്റൊരു കങ്കുവയാകാനും സാധ്യതയുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രം വന്‍ പരാജയമായി മാറി. പരാജയത്തോടൊപ്പം വലിയ ട്രോള്‍ മെറ്റീരിയലായും കങ്കുവ മാറിയിരുന്നു. ഈ അവസ്ഥ കറുപ്പിന് ഉണ്ടാകില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. മെയ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Karuppu trailer getting criticisms on Malayalam cinema pages

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം