പ്രസംഗം തെരുവുശൈലിയില്‍; പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കെടുത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ
national news
പ്രസംഗം തെരുവുശൈലിയില്‍; പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കെടുത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ
ആദര്‍ശ് എം.കെ.
Monday, 11th May 2026, 10:32 pm

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി പദവിയുടെ അന്തസ്സും ഗൗരവവും മോദി ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിദ്ധരാമയ്യ എത്ര കാലം മുഖ്യമന്ത്രിയായി തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, രണ്ടാമത്തെ നേതാവിനെ (ശിവകുമാര്‍) കോണ്‍ഗ്രസ് അനിശ്ചിതത്വത്തില്‍ നിര്‍ത്തിയിരിക്കുകയാണെന്നും മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്.

പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം ഞായറാഴ്ച നടന്ന അനുമോദന റാലിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലിയെ പ്രധാനമന്ത്രി പ്രസംഗത്തില്‍ പരിഹസിച്ചിരുന്നു.

കോണ്‍ഗ്രസ് സ്വന്തം സഖ്യകക്ഷികളെയും പാര്‍ട്ടി അംഗങ്ങളെയും വഞ്ചിക്കുകയാണെന്നും, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഡി.എം.കെയെ കോണ്‍ഗ്രസ് കൈവിട്ടത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടേത് വെറും തെരുവ് ശൈലിയിലുള്ള പ്രസംഗമാണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യ മോദിക്ക് മറുപടി നല്‍കിയത്.

ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാര്‍ ഒരിക്കലും പ്രതിപക്ഷ പാര്‍ട്ടികളെ നിസ്സാര രാഷ്ട്രീയക്കാരെപ്പോലെ അധിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അസത്യങ്ങളും വിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങളിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിന്റെ ഗൗരവം നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഞ്ചനയെക്കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി തിരിച്ചടിച്ചു.

ബി.എസ്.പി, ടി.എം.സി, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, പി.ഡി.പി, ശിവസേന തുടങ്ങിയ നിരവധി പ്രാദേശിക പാര്‍ട്ടികളെ വഞ്ചിച്ചത് ബി.ജെ.പിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ വികസനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെയും സിദ്ധരാമയ്യ ചോദ്യം ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാനും, ഇന്ധന ഉപയോഗം കുറയ്ക്കാനും, വിദേശയാത്രകള്‍ പരിമിതപ്പെടുത്താനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് ഏത് തരം വികസനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അടുത്ത തവണ ബെംഗളൂരുവില്‍ വരുമ്പോള്‍ കൂടുതല്‍ തയ്യാറെടുപ്പോടെ വരണമെന്നും അദ്ദേഹം പരിഹസിച്ചു.

 

Content Highlight: Karnataka CM Siddaramaiah slams Narendra Modi

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.