സൂപ്പർ ലീഗ് കേരളയിൽ ഇന്ന് കണ്ണൂർ വാരിയേഴ്‌സും ഫോഴ്‌സ കൊച്ചിയും നേർക്കുനേർ. സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ട് കണ്ണൂർ ഇറങ്ങുമ്പോൾ, എതിരാളികളുടെ മൈതാനത്ത് ജയവുമായി മുന്നേറാനാണ് കൊച്ചിയുടെ ശ്രമം.
Matchday at the Warriors’ Fortress 🛡️🔴🟣 Seats filling fast, grab yours via the link here 🔗🎟️: https://t.co/EKKP7XnOoU #SuperLeagueKerala #WhiteGoldSLK #SLKSeason3 #FeelTheFireFeelTheFootball #KWFCvsFKFC https://t.co/pCpHSpxQwx
— Super League Kerala (@slk_kerala) October 9, 2026
സീസണിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഇരു ടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇന്നത്തെ വിജയം നിർണായകമാണ്.
സെപ്റ്റംബർ 25നാണ് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് തുടക്കമായത്. ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് മുൻ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് ഈ സീസണിലേക്ക് കാലെടുത്തുവെച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്കെതിരെ നിശ്ചിത സമയത്ത് സമനില വഴങ്ങിയ കണ്ണൂർ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു.

കണ്ണൂർ വാരിയേഴ്‌സ്
റഷ്യൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവിന്റെ പരിചയസമ്പത്തും ശിക്ഷണവുമാണ് ടീമിന്റെ പ്രധാന കരുത്ത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച യുവതാരം മുഹമ്മദ് സിനാൻ ഇത്തവണയും ടീമിന്റെ പ്രതീക്ഷകളിലൊരാളാണ്. സ്പാനിഷ് മിഡ്ഫീൽഡർ ആസിയർ ഗോമസും ടീമിന്റെ ശ്രദ്ധേയ താരങ്ങളിലുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് നേടി നിലവിൽ പോയിന്റ് ടേബിളിന്റെ മൂന്നാമതാണ് ടീമിന്റെ സ്ഥാനം.
ഫോഴ്‌സ കൊച്ചിയും മികച്ച പ്രകടനത്തോടെയാണ് സീസൺ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സിയെ 1–0ന് തോൽപ്പിച്ച കൊച്ചി, രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിക്കെതിരെ സമനില വഴങ്ങിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം കൈപിടിയിലാക്കി.
ബെൽജിയം പരിശീലകൻ വിറ്റൽ ബോർക്കൽമാൻസിൻ്റെ തന്ത്രങ്ങളും വൈദഗ്ധ്യവുമാണ് ടീമിന് വലിയ കരുത്താകുന്നത്. ഇതിനുപുറമെ ടീമിൻ്റെ കരുത്ത് വർധിപ്പിക്കാൻ രണ്ട് പ്രമുഖ താരങ്ങൾ കൂടി പുതുതായി കൊച്ചിക്കൊപ്പം ചേർന്നിട്ടുണ്ട്.

ഫോഴ്‌സ കൊച്ചി
ഐ ലീഗ് മത്സരങ്ങളിലൂടെ ശ്രദ്ധേയനായ ഐവറി കോസ്റ്റ് സെൻ്റർ ബാക്ക് താരം ഔബിൻ കോയകു, ഐ ലീഗ് ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബർ ക്ലബ്ബിൻ്റെ മധ്യനിര താരം ജമ്മു സ്വദേശി രാഘവ് ഗുപ്‌ത എന്നിവരാണ് ഇനിയുള്ള മത്സരങ്ങളിൽ ഫോഴ്‌സയ്ക്കായി ബൂട്ടണിയുക.
ഇവരുടെ വരവോടെ പ്രതിരോധത്തിലും മധ്യനിരയിലും കൂടുതൽ കരുത്താർജിച്ച് മൂന്നാം ജയം ലക്ഷ്യമിട്ടാണ് കൊച്ചി കണ്ണൂരിലെത്തിയിരിക്കുന്നത്. ഈ മത്സരം വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ കൊച്ചിക്ക് ഒന്നാമതെത്താൻ സാധിക്കും. രണ്ട് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റാണ് കൊച്ചി നേടിട്ടുള്ളത്.
സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം മുതലെടുത്ത് ജയിക്കാനാകും കണ്ണൂരിന്റെ ശ്രമം. അതേസമയം, വിജയക്കുതിപ്പ് തുടരാനാകും കൊച്ചി ലക്ഷ്യമിടുന്നത്. ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ തീപാറുന്ന പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകുന്നേരം 7.30 നാണ് മത്സരം. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയമാണ് വേദി.
Content Highlights; Kannur warriors and forca kochi match in super league kerala
