മുരളി ഗോപിയുടെ തിരക്കഥ എന്ന ഒറ്റക്കാരണം കൊണ്ട് ടിക്കറ്റെടുത്തവരെ നിരാശരാക്കിയ ചിത്രമാണ് അനന്തന്‍ കാട്. ടിയാന് ശേഷം ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം ശരാശരി അനുഭവമാണ് സമ്മാനിച്ചത്. കാലങ്ങളായി ഗ്യാങ്സ്റ്റര്‍ സിനിമകള്‍ പിന്തുടരുന്ന അതേ ടെംപ്ലേറ്റിനൊപ്പം കുറച്ച് തമിഴ് പുലി രാഷ്ട്രീയവും കുത്തിക്കയറ്റിയാണ് മുരളി ഗോപി അനന്തന്‍ കാട് ഒരുക്കിയത്.
ഒരാവശ്യവുമില്ലാതിരുന്നിട്ട് കൂടി ഒരുപാട് താരങ്ങള്‍ അനന്തന്‍കാടിന്റെ ഭാഗമായിട്ടുണ്ട്. ആര്യ നായകനായെത്തിയ ചിത്രത്തില്‍ ഇന്ദ്രന്‍സ്, മുരളി ഗോപി, ദേവ് മോഹന്‍, നിഖില വിമല്‍, അപ്പാനി ശരത്, വിജയരാഘവന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണ് അനന്തന്‍ കാട്. കലാരഞ്ജിനിയും ചിത്രത്തിന്റെ ഭാഗമാണ്.
അനന്തന്‍ കാട് Photo: Theatrical poster
വിജയരാഘവന്‍ അവതരിപ്പിച്ച കെ.കെ മേനോന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് കലാരഞ്ജിനിയുടേത്. ഒറ്റ സീനില്‍ മാത്രമാണ് കലാരഞ്ജിനി പ്രത്യക്ഷപ്പെടുന്നത്. വിജയരാഘവന്‍ അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ കൊച്ചുമകനെ കിഡ്‌നാപ് ചെയ്തതിന് ശേഷമായിരുന്നു കലാരഞ്ജിനിയുടെ സീനുള്ളത്. സ്വന്തം കൊച്ചുമകനെ ആളുകള്‍ കിഡ്‌നാപ് ചെയ്തിട്ടും അവനെ കണ്ടുപിടിക്കാനാകാത്ത മുഖ്യമന്ത്രിയെ പരിഹസിക്കാനാണ് ഈ കഥാപാത്രത്തെ കൊണ്ടുവന്നത്.
‘ആഭ്യന്തരം, റവന്യൂ, ധനകാര്യം എന്നിങ്ങനെ എല്ലാ വകുപ്പും തലയിലെടുത്ത് വെച്ചിട്ടുണ്ടല്ലോ. എന്നിട്ടും സ്വന്തം പേരക്കുട്ടിയെ കടത്തിക്കൊണ്ട് പോയവരെ കണ്ടുപിടിക്കാനായിട്ടില്ല. ഇനി ശിശുക്ഷേമ വകുപ്പ് കൂടി കൈയിലുണ്ടെങ്കിലേ അന്വേഷിക്കാന്‍ പറ്റുള്ളോ’ എന്നാണ് കലാരഞ്ജിനിയുടെ ഡയലോഗ്. ഇത് കേട്ട് കെ.കെ മേനോന്‍ ക്ഷുഭിതനായി ‘രുഗ്മിണിയമ്മ അകത്ത് പൊയ്‌ക്കോളൂ’ എന്ന് പറയുമ്പോള്‍ കലാരഞ്ജിനി തിരിച്ചുപോവുകയാണ്.
വളരെ സീരിയസായി ഒരുക്കിയ ഈ സീന്‍ തിയേറ്ററില്‍ കൂട്ടച്ചിരിയാണ് സൃഷ്ടിച്ചത്. സംവിധായകനും എഴുത്തുകാരനും ഉദ്ദേശിച്ച രീതിയിലല്ല ഈ സീന്‍ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഭരതനാട്യം, മോഹിനിയാട്ടം എന്നീ സിനിമകളിലൂടെ കലാരഞ്ജിനിയുടെ ശബ്ദം പ്രേക്ഷകര്‍ക്ക് സുപരിചിതമായിട്ടുണ്ട്. അനന്തന്‍ കാടില്‍ താരത്തിന് മറ്റൊരാള്‍ ശബ്ദം നല്‍കിയതും കല്ലുകടിയായി.
മോഹിനിയാട്ടത്തില്‍ എക്‌സ്പ്രഷനുകളും ഡയലോഗുകളും കൊണ്ട് ചിരിപ്പിച്ച താരമായിരുന്നു കലാരഞ്ജിനി. എന്നാല്‍ വളരെ സീരിയസായ അനന്തന്‍ കാടിലേക്ക് എത്തിയപ്പോള്‍ സീരിയസ് സീനും കോമഡിയാക്കാന്‍ കലാരഞ്ജിനിക്ക് സാധിച്ചു. ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവുമധികം ട്രോള്‍ ലഭിക്കാന്‍ പോകുന്ന സീനുകളിലൊന്നാകും ഇതെന്ന് ഉറപ്പാണ്.
Content Highlight: Kalaranjini did an unimportant role in Ananthan Kaadu movie