മലയാള സിനിമയിൽ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച നടനാണ് കലാഭവൻ ഷാജോൺ. അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം, ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം സിനിമയിലെ കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രത്തിലൂടെ തനിക്ക് വില്ലൻ റോളുകളും അനായാസം വഴങ്ങും എന്ന് തെളിയിച്ചു.
ഇപ്പോഴിതാ, ഒരു നടൻ എന്ന നിലയിൽ ഹാസ്യവും ഗൗരവമേറിയ കഥാപാത്രങ്ങളും ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷാജോൺ. ദി ഷോസ്‌കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിൽ ഒരു നടൻ ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇവരൊക്കെ എത്ര വലിയ ജോലിയാണ് ചെയ്യുന്നത് എന്ന് ആരും ചിന്തിക്കാറില്ല. അതുതന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ഞാൻ അഭിനയിച്ച മൈ ബോസ്, റിങ് മാസ്റ്റർ എന്നിവയിലൊക്കെ ദിലീപേട്ടന്റെ കൂടെയാണെങ്കിലും മമ്മൂക്കയുടെ കൂടെയാണെങ്കിലും ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആളുകളൊക്കെ അത് കണ്ടുകഴിഞ്ഞ് ആ സിനിമ ഞാൻ കണ്ടു, അടിപൊളിയായിട്ടുണ്ട്, കലക്കി, ഞങ്ങൾ കുറെ ചിരിച്ചു എന്നൊക്കെ പറയാറുണ്ട്. എന്നാൽ ദൃശ്യം കണ്ട ആളുകൾ ദൃശ്യത്തിലെ അഭിനയം ഗംഭീരമായിട്ടുണ്ട് കേട്ടോ, ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു എന്നൊക്കെ വളരെ കാര്യമായിട്ടാണ് വന്ന് പറയുന്നത്.
ഒരുപക്ഷേ ആളുകൾ ആ കഥാപാത്രത്തെക്കുറിച്ച് വളരെ ഗൗരവത്തോടെ എന്റെ അടുത്ത് വന്ന് പ്രശംസിക്കുന്നത് അത് ഒരു സീരിയസ് കഥാപാത്രമായതുകൊണ്ടാകാം. സീരിയസ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് ഒരാൾ നല്ലൊരു നടനായി മാറുന്നത് എന്നൊരു മിഥ്യാധാരണ പ്രേക്ഷകർക്കുണ്ട്. അത് മലയാള സിനിമയിൽ മാത്രമല്ല, എല്ലാ ഭാഷകളിലുമുണ്ട്. എന്നാൽ അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം, ഒരു ഹാസ്യ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുക, അത് സംവിധാനം ചെയ്യുക, അതിൽ അഭിനയിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.
ഹാസ്യവും ഗൗരവമേറിയ കഥാപാത്രങ്ങളും ചെയ്യുന്നത് അഭിനയം തന്നെയാണ്. രണ്ടും ചെയ്യാൻ കഴിയുക എന്നത് ഒരു ദൈവാനുഗ്രഹമാണ്. അങ്ങനെ ഭാഗ്യം ലഭിച്ച കുറച്ചു അഭിനേതാക്കളിൽ ഒരാളാണ് ഞാൻ എന്ന് പ്രേക്ഷകർ പറയുന്നതിൽ വളരെയധികം സന്തോഷമുണ്ട്,’ കലാഭവൻ ഷാജോൺ പറഞ്ഞു.
കലാഭവൻ ഷാജോൺ.റിങ് മാസ്റ്റർ.ദൃശ്യം.photo.screen grab/youtube