മലയാള സിനിമയിൽ അസോസിയേറ്റ് സംവിധായകനായി ഏകദേശം 18 വർഷത്തോളം പ്രവർത്തിച്ച സംവിധായകനാണ് ജി. മാർത്താണ്ഡൻ. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് 2013ൽ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പ, മഹാറാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പൃഥ്വിരാജും അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തിയ പാവാട മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.

ഇപ്പോഴിതാ കലാഭവൻ ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബ്രദേഴ്സ് ഡേക്ക് പിന്നിൽ താൻ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലാത്ത ഒരു കഥയുണ്ടെന്ന് പറയുകയാണ് സംവിധായകൻ മാർത്താണ്ഡൻ. ഷാജോൺ ആദ്യം തന്നോടാണ് സിനിമയുടെ കഥ പറഞ്ഞതെന്നും, കഥ ഇഷ്ടപ്പെട്ടതിനെ തുടർന്ന് ദുൽഖർ സൽമാനോട് കഥ പറയാൻ പോയെന്നും മാർത്താണ്ഡൻ പറഞ്ഞു.

കലാഭവൻ ഷാജോൺ. Photo. Screen Grab/ Youtube

‘ഷാജോൺ ആ കഥ ആദ്യം എന്നോടാണ് വന്ന് പറയുന്നത്. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഉഗ്രൻ സിനിമയാണെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ ആദ്യം ആ കഥ ദുൽഖറിനോടാണ് പോയി പറയുന്നത്. ദുൽഖർ ഫുൾ കഥ ഇരുന്ന് കേട്ടു. വീട്ടിലിരുന്ന് മുഴുവൻ വായിക്കുകയും ചെയ്തു.

പിന്നീട് പറയാമെന്ന് പറഞ്ഞിട്ട് അലക്സിലൂടെ എന്നെ വിളിച്ച് സംസാരിച്ചു. നല്ല സംഭവമാണ്, പക്ഷേ അത് ചെയ്യാൻ അദ്ദേഹത്തിന് പേടിയായിരുന്നു. അത്രയും വലിയൊരു ലോഡ് എടുക്കാൻ പറ്റുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. കാരണം ഹ്യൂമർ കൂടുതലുള്ള സിനിമയായിരുന്നു അത്,’ മാർത്താണ്ഡൻ പറഞ്ഞു.

തുടർന്നാണ് പൃഥ്വിരാജിനെ സമീപിക്കാൻ താൻ ഷാജോണിനോട് പറയുന്നത്. കോയമ്പത്തൂരിൽ ‘ഊഴം’ സിനിമയുടെ സെറ്റിലായിരുന്ന പൃഥ്വിരാജിനെ കാണാനാണ് ഷാജോൺ പോയത്. കുറച്ചുകഴിഞ്ഞ് ഷാജോൺ തന്നെ വിളിച്ച് പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ട കാര്യം അറിയിച്ചു. ‘രാജു അത് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ അത് ചെയ്യണം’ എന്നാണ് താൻ ഷാജോണിനോട് അന്ന് പറഞ്ഞതെന്നും മാർത്താണ്ഡൻ വ്യക്തമാക്കി. അങ്ങനെയാണ് ഷാജോൺ സംവിധായകനായി ബ്രദേഴ്സ് ഡേ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Director marthandhan talks about kalabhavan shajhon’s directorial style