മലയാള സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഷാൻ റഹ്‌മാൻ. നിരവധി ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള ഷാൻ റഹ്‌മാൻ, തന്റെ സംഗീത ജീവിതത്തിൽ നേരിട്ട ഒരു വലിയ ക്രിയേറ്റീവ് ബ്ലോക്കിനെക്കുറിച്ച് തുറന്നുപറയുകയാണ്. ഒരു ഘട്ടത്തിൽ ഒരു ട്യൂൺ പോലും മനസിലേക്ക് വരാതെ, കീബോർഡ് തൊടാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും ഷാൻ പറയുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാന്റെ പ്രതികരണം.
സംഗീത സംവിധായകരുടെ ജീവിതത്തിലും ഇത്തരം ബ്ലോക്കുകൾ സ്വാഭാവികമായി സംഭവിക്കാമെന്നും ഷാൻ പറയുന്നു. ഒരേസമയം നിരവധി സിനിമകൾക്ക് വേണ്ടി സംഗീതം ഒരുക്കുന്നതിനിടെയാണ് തനിക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായത്. എത്ര ശ്രമിച്ചിട്ടും പുതിയൊരു ട്യൂൺ കണ്ടെത്താൻ കഴിയാത്ത തരത്തിൽ പൂർണമായും സ്റ്റക്കായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഷാൻ റഹ്‌മാൻ.Photo. Screen Grab/ Youtube
‘എനിക്കും അങ്ങനെ ഒരു ബ്ലോക്ക് വന്നിരുന്നു. ഒരു സമയത്ത് ഒരു മേജർ ബ്ലോക്ക് വന്നിട്ട് എനിക്ക് കീബോർഡ് തൊടാൻ പറ്റാത്ത ഒരു അവസ്ഥ വന്നിരുന്നു. ഞാൻ ഭയങ്കരമായിട്ട് ബുദ്ധിമുട്ടി. ഒരു ട്യൂണും വരുന്നില്ല. അങ്ങനെ കംപ്ലീറ്റ്ലി സ്റ്റക്കായി,’ ഷാൻ റഹ്‌മാൻ പറഞ്ഞു.
പുതിയതായി ഒന്നും സൃഷ്ടിക്കാൻ കഴിയാതെ വന്നപ്പോൾ നേരത്തെ ചെയ്തുവെച്ചിരുന്ന പാട്ടുകളെ ആശ്രയിക്കുകയായിരുന്നു അടുത്ത വഴി. ഓരോ സിനിമയുടെയും സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ നേരത്തെ ചെയ്തുവെച്ച സംഗീതം മാറ്റിവെച്ച് നോക്കിയെന്നും ഷാൻ പറയുന്നു.
‘ഈ സിനിമകൾക്കൊക്കെ നേരത്തെ ചെയ്തുവെച്ച പാട്ടുകളൊക്കെ ഞാൻ മറിച്ചുവിക്കാൻ തുടങ്ങി. എല്ലാവരും ചെയ്യുന്ന കാര്യമാണ്. പക്ഷേ ആ സിറ്റുവേഷനോട് മാച്ച് ചെയ്യുന്നത് ഞാൻ ഇങ്ങനെ കൊടുക്കും. കാരണം എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. കാരണം എന്റെ മൈൻഡ്, ബ്രെയിൻ അതൊന്നും വർക്ക് ആകുന്നില്ല, എന്നും ഷാൻ പറഞ്ഞു.
ഒരേസമയം ആറോ എട്ടോ സിനിമകൾ വരെ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഇത്തരമൊരു സമ്മർദ്ദം അനുഭവപ്പെട്ടതെന്നും ഷാൻ പറഞ്ഞു. തനിക്ക് സമാധാനത്തോടെ ജോലി ചെയ്യാനാണ് ഇഷ്ടമെന്നും ഒരുപാട് കാര്യങ്ങൾ ഒരേസമയം മുന്നിലുണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഷാൻ വ്യക്തമാക്കി.
ഈ ഘട്ടത്തിലാണ് ദുൽഖർ സൽമാൻ തന്നെ വിളിച്ച് ‘കിംഗ് ഓഫ് കൊത്ത’യിലെ സംഗീതത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടത്. അന്ന് ഭാര്യ ചോദിച്ച ഒരു ചോദ്യമാണ് തന്നെ കൂടുതൽ സ്വാധീനിച്ചതെന്നും ഷാൻ പറയുന്നു.

ഷാൻ റഹ്‌മാൻ.Photo. Screen Grab/ Youtube
‘ദുൽഖർ വിളിച്ചിട്ട് കിംഗ് ഓഫ് കൊത്ത എനിക്ക് തരുന്നത്. അപ്പോൾ വൈഫ് എന്നോട് ചോദിച്ചു, ഇതിലെ പാട്ടും മറിച്ചു വിക്കലാണോ എന്ന്. അത് എനിക്ക് ഭയങ്കരമായിട്ട് കൊണ്ടു. എനിക്ക് വിഷമം വന്നു. എന്നിട്ട് പോയി ഉണ്ടാക്കിയതാണ് കൊത്തയിലെ ‘ഈ ഉലകിൻ,’ ഷാൻ റഹ്‌മാൻ പറഞ്ഞു.
Content Highlight: Music Director Shaan Rahman opens up about facing a career block
