എന്തിനാണ് ശ്രുതിക്ക് 120 ദിവസം കൊണ്ട് വീടെന്ന് പറഞ്ഞുപറ്റിച്ചതെന്ന് കെ. റഫീഖ്; വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ടി. സിദ്ദിഖ്
Kerala
എന്തിനാണ് ശ്രുതിക്ക് 120 ദിവസം കൊണ്ട് വീടെന്ന് പറഞ്ഞുപറ്റിച്ചതെന്ന് കെ. റഫീഖ്; വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ടി. സിദ്ദിഖ്
അനിത സി
Saturday, 4th April 2026, 7:24 pm

കല്‍പ്പറ്റം: വയനാട് ദുരന്തത്തില്‍ കുടുംബം മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിയെന്ന പെണ്‍കുട്ടിക്ക് വീട് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദിഖ് പറ്റിച്ചെന്ന് ആരോപണം വീണ്ടും ഉന്നയിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്.

120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും സോഷ്യല്‍മീഡിയയിലടക്കം പോസ്റ്റ് ചെയ്യുകയും ചെയ്ത സിദ്ദിഖ് വീട് നിര്‍മിച്ചുനല്‍കാതെ കബളിപ്പിച്ചെന്നാണ് റഫീഖിന്റെ ആരോപണം.

നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ റഫീഖ് ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ടി. സിദ്ദിഖ് ആരോപണം തള്ളിയിരുന്നു. റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്നും 120 ദിവസത്തെ കണക്ക് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു സിദ്ധിഖിന്റെ വാദം.

‘ശ്രുതിക്ക് വീട് നല്‍കാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വീട് സ്പോണ്‍സര്‍ ചെയ്ത വ്യക്തിയെ അഭിനന്ദിക്കുന്നതായിരുന്നു പോസ്റ്റ് . അതിന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റി വ്യാജ പ്രചാരണം നടത്തുകയാണ്. ശ്രുതിയുള്‍പ്പെടെയുള്ള ദുരിത ബാധിതരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്,’ ടി. സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെയാണ് സോഷ്യല്‍മീഡിയയില്‍ സിദ്ദിഖ് തന്നെ പോസ്റ്റ് ചെയ്ത വീഡിയോയടക്കം തെളിവായി ചൂണ്ടിക്കാണിച്ച് കെ. റഫീഖ് വീണ്ടും സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്.

ശ്രുതിയ്ക്ക് 120 ദിവസം കൊണ്ട് വീടൊരുങ്ങും എന്ന് തന്നെ ശ്രുതിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഫേസ്ബുക്കിലൂടെ പറഞ്ഞത് ടി. സിദ്ദിഖാണെന്നും ഒരു പോസ്റ്റല്ല, റീല്‍സും ഫോട്ടോയുമടക്കം പല പോസ്റ്റുകളാണ് അദ്ദേഹം ഇത് സംബന്ധിച്ച് ഇട്ടതെന്നും റഫീഖ് ചൂണ്ടിക്കാണിച്ചിരുന്നു.

120 അല്ല 500 ദിവസം കഴിഞ്ഞിട്ടും വീട് ലഭിക്കാതെ വന്നപ്പോളാണ് ശ്രുതി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ 15 ലക്ഷം തിരികെ നല്‍കാന്‍ തയ്യാറാണെന്നും ടൗണ്‍ഷിപ്പില്‍ വീട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും റഫീഖ് പറഞ്ഞു.

ഉത്തരവാദിത്വമില്ലാത്ത കാര്യമായിരുന്നുവെങ്കില്‍ എന്തിനാണ് 120 ദിവസം കൊണ്ട് ശ്രുതിക്ക് വീടൊരുങ്ങും എന്ന് പറഞ്ഞ് പറ്റിച്ചത്, എന്തിനാണ് റീല്‍സും ഫോട്ടോയുമായി നിരവധി പോസ്റ്റുകളിട്ട് തന്റേതാക്കി പ്രചരിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കെ. റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ലേ ഔട്ടും ഡിസൈനും വിശദീകരിച്ച് നല്‍കുന്നതും രണ്ടാമത്തെ നിലയെടുക്കുന്നതിനെക്കുറിച്ച് വരെ ആധികാരിമായി സംസാരിച്ചതും അതിന്റെ റീല്‍സെടുത്ത് സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിയതും ടി സിദ്ധീക്ക്.

അര്‍ത്ഥശങ്കക്കിടയില്ലാതെ ‘ശ്രുതിയ്ക്ക് 120 ദിവസം കൊണ്ട് വീടൊരുങ്ങും’ എന്ന് തന്നെ ശ്രുതിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഫെയ്സ് ബുക്കില്‍ വ്യക്തമാക്കിയതും ടി സിദ്ദിഖ്.

ഒരു പോസ്റ്റല്ല അദ്ദേഹം ഇത് സംബന്ധിച്ച് ഇട്ടത്. റീല്‍സും ഫോട്ടോയുമടക്കം പല പോസ്റ്റുകളാണ്.
120 അല്ല 500 ദിവസം കഴിഞ്ഞിട്ടും വീട് ലഭിക്കാതെ വന്നപ്പോളാണ് ശ്രുതി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ 15 ലക്ഷം തിരികെ നല്‍കാന്‍ തയ്യാറാണെന്നും ടൗണ്‍ഷിപ്പില്‍ വീട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഈ വിഷയം പുറത്ത് വരുമ്പോള്‍ തനിക്കുത്തരവാദിത്വമില്ല എന്ന് പറഞ്ഞ് എങ്ങനെയാണ് ടി സിദ്ധീഖിന് രക്ഷപ്പെടാനാവുക?
ഉത്തരവാദിത്വമില്ലാത്ത കാര്യമായിരുന്നുവെങ്കില്‍ എന്തിനാണ് ‘120 ദിവസം കൊണ്ട് ശ്രുതിക്ക് വീടൊരുങ്ങും” എന്ന് പറഞ്ഞ് പറ്റിച്ചത് ?
എന്തിനാണ് റീല്‍സും ഫോട്ടോയുമായി നിരവധി പോസ്റ്റുകളിട്ട് തന്റേതാക്കി പ്രചരിപ്പിച്ചത് ?
ഉത്തരവാദിത്വമില്ലാത്ത കാര്യത്തില്‍ എന്തിനാണ് ലേ ഔട്ടും ഡിസൈനുമെല്ലാം വിശദീകരിക്കുന്നത് ?

Content Highlight: K. Rafeeq against T Sidhique MLA

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.