കെ-പോപ്പില്‍ ബി.ടി.എസിനെ പോലെ തന്നെ ഏറെ ആരാധകരുള്ള സോളോ ഗായികയാണ് ഐ.യു (I.U) അഥവാ ലീ ജി-യൂന്‍ (Lee Ji-eun). ഐ.യുവിന് മറ്റ് കെ-പോപ്പ് താരങ്ങള്‍ക്കിടയില്‍ പോലും കടുത്ത ആരാധകരുണ്ട്.

ഇപ്പോള്‍ ബി.ടി.എസ് ആര്‍മിക്കും ഐ.യുവിന്റെ ആരാധകര്‍ക്കും ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഐ.യുവിന്റെ പുതിയ കംബാക്ക് മ്യൂസിക് വീഡിയോയില്‍ ബി.ടി.എസിന്റെ വി(V) യും ഉണ്ടാകും.

വി നിര്‍ബന്ധിത സൈനിക സേവനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. അതിന് മുമ്പ് ഐ.യുവിനൊപ്പമുള്ള മ്യൂസിക് വീഡിയോയുടെ ചിത്രീകരണം നടത്തിയതായി കെ-പോപ്പ് എന്റര്‍ടെയ്‌മെന്റ് വെബ്‌സൈറ്റായ സൂംപി (Soompi) റിപ്പോര്‍ട്ട് ചെയ്തു.

ഐ.യുവിന്റെ ഏജന്‍സിയായ EDAM എന്റര്‍ടെയ്‌മെന്റ് ഇത് സ്ഥിരീകരിച്ചതായും സൂംപി പറയുന്നു. മ്യൂസിക് വീഡിയോ അടുത്ത വര്‍ഷം ആദ്യ പകുതിയോടെ റിലീസ് ചെയ്യും.

‘ബി.ടി.എസിന്റെ വിയുടെ കൂടെയുള്ള ഐ.യുവിന്റെ മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഐ.യുവിന്റെ ആല്‍ബം റിലീസിന് തയ്യാറാകും,’ EDAM എന്റര്‍ടൈന്‍മെന്റ് പറഞ്ഞു.

2021ലായിരുന്നു ഐ.യുവിന്റെ അവസാന ആല്‍ബമായ ‘പീസസ്’ പുറത്തിറങ്ങിയത്. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഐ.യുവിന്റെ തിരിച്ചുവരവായിരിക്കും ഈ വരാനിരിക്കുന്ന ആല്‍ബം.

അതേസമയം, വി ഉള്‍പ്പെടെയുള്ള നാല് ബി.ടി.എസ് അംഗങ്ങള്‍ സൈനിക സേവനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ഷുഗ, ജെ-ഹോപ്പ്, ജിന്‍ എന്നിവര്‍ക്ക് പിന്നാലെ ബാക്കിയുള്ള വിയും ആര്‍.എമ്മും ജിമിനും ജങ്കൂക്കുമാണ് രാജ്യത്തിന് വേണ്ടി നിര്‍ബന്ധിത സൈനിക സേവനത്തിന് പോകാനൊരുങ്ങുന്നത്.

Content Highlight: K-pop Singer IU Along With BTS V; Music Video