ആദ്യ ഗോളടിച്ചവൻ ഇനി പെലെയുടെ ചരിത്ര ലിസ്റ്റിൽ; അടിച്ചുകയറി മെക്സിക്കൻ തിരമാല
2026 FIFA World Cup
ആദ്യ ഗോളടിച്ചവൻ ഇനി പെലെയുടെ ചരിത്ര ലിസ്റ്റിൽ; അടിച്ചുകയറി മെക്സിക്കൻ തിരമാല
Sudev A
Friday, 12th June 2026, 3:10 pm

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോ ഗംഭീര വിജയവുമായി വരവറിയിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ആസ്റ്റെക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഗ്രൂപ്പ് എ-യില്‍ മെക്സിക്കോ വിജയത്തോടെ തുടക്കം കുറിച്ചത്.

മത്സരം തുടങ്ങി ഒമ്പതാം മിനിട്ടില്‍ തന്നെ മെക്സിക്കോ ആദ്യ ഗോള്‍ സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയുടെ ഡിഫന്‍സ് മറികടന്ന് എറിക് ലിറയുടെ പാസില്‍ ജൂലിയന്‍ ക്വിനോനസാണ് മെക്സിക്കോയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്.

രണ്ടാം പകുതിയില്‍ ജിമിനെസ് രണ്ടാം ഗോളും നേടി മെക്‌സിക്കോയുടെ വിജയം ഉറപ്പാക്കി. മത്സരത്തിന്റെ 67ാം മിനിറ്റില്‍ റോബര്‍ട്ടോ അല്‍വറാഡോയുടെ ക്രോസില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ജിമിനെസ് രണ്ടാം ഗോള്‍ നേടിയത്.

ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയതോടെ ലോകകപ്പിന്റെ ചരിത്രത്താളുകളിലും ജൂലിയന്‍ ക്വിനോന ഇടം നേടി. ഓരോ ലോകകപ്പ് എഡിഷനിലും ആദ്യ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് മെക്‌സിക്കോ താരം തന്റെ പേര് എഴുതി ചേര്‍ത്തത്.

ബ്രസീലിയന്‍ ഇതിഹാസം പെലെ, മുന്‍ ജര്‍മന്‍ നായകന്‍ ഫിലിപ് ലാം, ജര്‍മന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുള്ള ലിസ്റ്റിലേക്കാണ് മെക്‌സിക്കോയുടെ 29കാരന്‍ ഇടം നേടിയത്.

ജൂലിയന്‍ ക്വിനോനസ് – Photo: Latination

ഫുട്‌ബോള്‍ ലോകകപ്പില്‍ ഓരോ എഡിഷനില്‍ ആദ്യ ഗോള്‍ നേടിയ താരം, രാജ്യം, എതിരാളി, വര്‍ഷം

ലൂസിയന്‍ ലോറന്റ്-ഫ്രാന്‍സ്-മെക്‌സിക്കോ-1930

ഏണസ്റ്റോ ബെലിസ്-അര്‍ജന്റീന-സ്വീഡന്‍-1934

ജോസഫ് ഗൗച്ചല്‍-ജര്‍മനി-സ്വിറ്റ്‌സര്‍ലാന്‍ഡ്-1938

അഡെമിര്‍ ഡി മെനെസെസ്-ബ്രസീല്‍ -മെക്‌സിക്കോ-1950

മിലോസ് മിലുറ്റിനോവിക്-യുഗ്ലോസ്ലാവിയ-ഫ്രാന്‍സ്-1954

ഒറെസ്റ്റെ കോര്‍ബറ്റ-അര്‍ജന്റീന-വെസ്റ്റ് ജര്‍മനി-1958

ഹെക്ടര്‍ ഫാകുണ്ടോ-അര്‍ജന്റീന-ബള്‍ഗേറിയ-1962

പെലെ-ബ്രസീല്‍-ബള്‍ഗേറിയ-1966

ഡിങ്കോ ഡെര്‍മെന്‍ഡ്ഷീവ്-ബള്‍ഗേറിയ-പെറു-1970

പോള്‍ ബ്രീറ്റ്‌നര്‍-വെസ്റ്റ് ജര്‍മനി-ചിലി-1974

ബെര്‍ണാഡ് ലാകോംബ്-ഫ്രാന്‍സ്-ഇറ്റലി-1978

എര്‍വിന്‍ വാന്‍ഡന്‍ബര്‍ഗ്-ബെല്‍ജിയം-അര്‍ജന്റീന-1982

അലസ്സാന്‍ഡ്രോ ആള്‍ട്ടോബെല്ലി-ഇറ്റലി-ബള്‍ഗേറിയ-1986

ഫ്രാന്‍സ്വാ ഒമാം ബിയിക്ക്-കാമറൂണ്‍-അര്‍ജന്റീന-1990

യുര്‍ഗന്‍ ക്ലിന്‍സ്മാന്‍-ജര്‍മനി-ബൊളീവിയ-1994

സെസാര്‍ സാമ്പയോ-ബ്രസീല്‍-സ്‌കോട്‌ലാന്‍ഡ്-1998

പാപ്പാ ബൗബ ഡിയോപ്-സെനഗല്‍-ഫ്രാന്‍സ്-2002

ഫിലിപ്പ് ലാം-ജര്‍മനി-കൊസ്റ്റാറിക്ക-സൗത്ത് ആഫ്രിക്ക-2006

സിഫിവെ ത്ഷബലാല-സൗത്ത് ആഫ്രിക്ക-മെക്‌സിക്കോ-2010

മാഴ്‌സലോ(ഓണ്‍ ഗോള്‍)-ബ്രസീല്‍-ക്രോയേഷ്യ-2014

യൂറി ഗാസിന്‍സ്‌കി-റഷ്യ-സൗദി അറേബ്യ-2018

എന്നര്‍ വലെന്‍സിയ-കൊളംബിയ-ഖത്തര്‍-2022

ജൂലിയന്‍ ക്വിനോന്‍സ്-മെക്‌സിക്കോ-സൗത്ത് ആഫ്രിക്ക-2026

അതേസമയം മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മൂന്ന് താരങ്ങളാണ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത്. സൗത്ത് ആഫ്രിക്കയുടെ രണ്ട് താരങ്ങളും മെക്‌സിക്കോയുടെ ഒരു താരവുമാണ് റെഡ് കാര്‍ഡ് കണ്ട് മടങ്ങിയത്.

മെക്സിക്കോയുടെ സെസാര്‍ മോണ്ടെസ്, സൗത്ത് ആഫ്രിക്കയുടെ യായ സിതോളെ, തെംബ സ്വാനെ എന്നിവര്‍ക്കാണ് റഫറി ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കിയത്.

ലോകകപ്പില്‍ ജൂണ്‍ 19നാണ് മെക്‌സിക്കോ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഏഷ്യന്‍ വമ്പന്മാരായ സൗത്ത് കൊറിയയാണ് മെക്‌സിക്കോയുടെ എതിരാളികള്‍.

 

Content Highlight: Julian Quinones joins the list of players who have scored the first goal in every World Cup edition

 

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.