ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ടിയോ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 198 റണ്‍സിനാണ് ഓസീസ് ഓള്‍ ഔട്ട് ആയത്. ആദ്യ ഇന്നിങ്‌സില്‍ 426 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ സമ്പാദ്യം.
ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സ്റ്റാര്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡ്ഡാണ്. 89 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും ഹേസല്‍വുഡ്ഡിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 77 മത്സരങ്ങളിലെ 144 ഇന്നിങ്‌സില്‍ നിന്ന് 301 വിക്കറ്റുകളാണ് താരം നേടിയത്. 67 റണ്‍സ് വിട്ടുകൊടുത്ത് ആറ് ആറ് വിക്കറ്റുകള്‍ നേടിയതാണ് താരത്തിന്റെ മികച്ച റെഡ്ബോള്‍ പ്രകടനം. ഇതോടെ ഓസീസിന് വേണ്ടി ടെസ്റ്റില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഒമ്പതാമത്തെ താരമാകാനും ജോഷ് ഹേസല്‍വുഡ്ഡിന് സാധിച്ചിരിക്കുകയാണ്.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി ക്രീസിലുള്ളത് കാമറൂണ്‍ ഗ്രീനും (43) അലക്‌സ് കാരിയുമാണ് (19).
ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് തന്‍സിദ് അഹമ്മദാണ്. 197 പന്തുകളില്‍ നിന്നും 101 റണ്‍സ് നേടിയാണ് തന്‍സിദ് അഹമ്മദ് തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് തന്‍സിദ്.
ക്യാപ്റ്റന്‍ നജുമുല്‍ ഷാന്റോ 126 പന്തില്‍ നിന്നും 86 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് ഫോറുകളും ഒരു സിക്സുമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. മൊനീമുള്‍ ഹഖ് 49 റണ്‍സും മുഷ്ഫിഖര്‍ റഹീം 36 റണ്‍സും നേടിയിരുന്നു.
ഓസ്‌ട്രേലിയക്കായി ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് സ്മിത്താണ്. ഓസ്ട്രേലിയന്‍ നിരയില്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 109 പന്തില്‍ 71 റണ്‍സുമായാണ് സ്മിത്ത് തിളങ്ങിയത്. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരം സ്വന്തമാക്കിയത്.
Content Highlight: Josh Hazelwood In Great Record Achievement