മെസിയെ പോലെയല്ല, അവന്‍ സ്വന്തം കഴിവുകൊണ്ട് വളര്‍ന്നവനാണ്: മൗറീഞ്ഞോ
Football
മെസിയെ പോലെയല്ല, അവന്‍ സ്വന്തം കഴിവുകൊണ്ട് വളര്‍ന്നവനാണ്: മൗറീഞ്ഞോ
സുദേവ് എ
Tuesday, 28th July 2026, 11:34 am

ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ. റൊണാള്‍ഡോയാവുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് മൗറീഞ്ഞോ പറഞ്ഞത്.

മെസി ബാഴ്‌സയിലുള്ള സഹതാരങ്ങള്‍ക്കൊപ്പമാണ് മുന്നേറിയതെന്നും എന്നാല്‍ റൊണാള്‍ഡോ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നു വന്നതാണെന്നും മൗറീഞ്ഞോ വ്യക്തമാക്കി.

‘മെസിയെ പോലെ ആകുന്നതിനെക്കാള്‍ റൊണാള്‍ഡോയെ പോലെ ആവുകയാണ് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. മെസി ചെറുപ്പം മുതല്‍ കളിച്ച ക്ലബ്ബായ ബാഴ്‌സലോണയിലാണ് വളര്‍ന്നത്. ബാഴ്‌സയിലുള്ള സഹതാരങ്ങള്‍ക്കൊപ്പമാണ് മെസി മുന്നേറിയത്. എന്നാല്‍ ക്രിസ്റ്റ്യാനോ ഇംഗ്ലണ്ടില്‍ അത്ര ശക്തമല്ലാത്ത ഒരു ടീമിലായിരുന്നു എത്തിയത്. അവിടെ അദ്ദേഹം സ്വന്തം കഴിവുകൊണ്ട് വളരുകയും ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.

മെസി കൂടുതലും ഗോളിന് അടുത്ത് കളിക്കുന്ന താരമാണ്. അതിനാല്‍ മെസിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, കൂടുതല്‍ ഗോളുകള്‍ നേടുകയും ചെയ്യും. എന്നാല്‍ ഒരു വിങ്ങറായാണ് റൊണാള്‍ഡോ തുടങ്ങിയത്. വിങ്ങര്‍ ആയിട്ടും ഒരു സെന്റര്‍ ഫോര്‍വേഡിനെ പോലെ ഇത്രയധികം ഗോളുകള്‍ നേടുക പ്രയാസമുള്ള കാര്യമാണ്.

ഇത് മാത്രമല്ല അദ്ദേഹം ഡിഫന്‍സിനെയും സഹായിക്കും. മത്സരങ്ങളില്‍ അവസാന നിമിഷം വരെ ഓടി കളിക്കും. സെറ്റ് പീസുകള്‍ വരുമ്പോള്‍ സ്വന്തം ബോക്‌സില്‍ വന്ന് ഡിഫന്‍ഡ് ചെയ്യാനും മടി കാണിക്കില്ല.

ഗ്രൗണ്ടില്‍ എതിരാളികളുടെ കടുത്ത ഫൗളുകള്‍ അദ്ദേഹം പലപ്പോഴും നേരിടാറുണ്ട്. എന്നിട്ടും അദ്ദേഹം പ്രകടനം തുടര്‍ന്നു. അതിനാല്‍ റൊണാള്‍ഡോയാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ മൗറീഞ്ഞോ ഗോളിലൂടെ പറഞ്ഞു.

അതേസമയം അടുത്തിടെ നടന്ന 2026 ഫിഫ ലോകകപ്പ് നേടി ഫുട്‌ബോളിനോട് വിടപറയുകയെന്ന റൊണാള്‍ഡോയുടെ സ്വപ്നം കണ്ണീരില്‍ അവസാനിച്ചിരുന്നു. റൗണ്ട് ഓഫ് 16ല്‍ സ്പെയ്നിനെതിരെ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയ്നിന്റെ വിജയം.

41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

ഫുട്ബോളില്‍ ഇതുവരെ 976 ഗോളുകളാണ് റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും പിറന്നത്. 24 ഗോളുകള്‍ കൂടി നേടിയാല്‍ 1000 ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാന്‍ സാധിക്കും.

 

Content Highlight: Jose Mourinho talks about Cristiano Ronaldo and Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.