ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ (സെപ്റ്റംബര്‍ 27ന്) നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയും വിജയം സ്വന്തമാക്കി.

എന്നാല്‍ ദി ഓവലില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ അവസാന മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ത്രീ ലയണ്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ പരിക്ക് മൂലം പുറത്തായിരിക്കുകയാണ്. പരമ്പരയില്‍ മികച്ച ഫോമില്‍ തുടരവേയാണ് ബട്‌ലറിന് പിരിക്കേറ്റത്.

ജോസ് ബട്‌ലര്‍ പരിക്ക് മൂലം ഗ്രൗണ്ടില്‍ കിടക്കുന്നു

ബട്‌ലറിന് പകരക്കാരനായി ഓള്‍റൗണ്ടര്‍ ഡാന്‍ ലോറന്‍സിനെയാണ് ത്രീ ലയണ്‍സ് ടീമിലെടുത്തത്. ‘ശ്രീലങ്കയ്ക്കെതിരായ മെട്രോ ബാങ്ക് ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ജോസ് ബട്‌ലറിന് പകരക്കാരനായി ഡാന്‍ ലോറന്‍സിനെ വിളിച്ചിട്ടുണ്ട്,’ ഇ.സി.ബി എക്‌സില്‍ എഴുതി.

29 കാരനായ ഡാന്‍ ലോറന്‍സ് ഇതുവരെ അമ്പത് ഓവര്‍ ഫോര്‍മാറ്റില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. അവസാനമായി പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് താരം കളിച്ചത്. പാകിസ്ഥാനെതിരെ അദ്ദേഹം രണ്ട് സിക്‌സറുള്‍പ്പെടെ 187 റണ്‍സ് നേടുകയും രണ്ട് വിക്കറ്റുകള്‍ നേടുകയും ചെയ്തിരുന്നു.

അതേസമയം പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

എന്നിരുന്നാലും മത്സരത്തില്‍ 49 പന്തില്‍ 69 റണ്‍സ് നേടി മികച്ച പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെച്ചത്. ഇതോടെ 10,000 വൈറ്റ് ബോള്‍ റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരം എന്ന ചരിത്ര നേട്ടത്തിലെത്താനും സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.

ഏകദിനത്തിലെ 176 ഇന്നിങ്സില്‍ നിന്നുമായി 39.15 ശരാശരിയില്‍ 5,678 റണ്‍സാണ് ബട്ലറിന്റെ പേരിലുള്ളത്. 30 അര്‍ധ സെഞ്ച്വറിയും 11 സെഞ്ച്വറിയും നേടിയ ബട്‌ലറിന്റെ ഉയര്‍ന്ന സ്‌കോര്‍ 2022ല്‍ നെതര്‍ലന്‍ഡ്സിനെതിരെ പുറത്താകാതെ നേടിയ 164 റണ്‍സാണ്.

Content Highlight: Jos Buttler has been ruled out of the ODI match against Sri Lanka due to injury